കേരളത്തില്‍ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകള്‍ നിരവധിയാണ്. സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ എണ്ണത്തില്‍ സമീപ വർഷങ്ങളിൽ ഗണ്യമായ വർധനയുണ്ടായതായിറിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.എന്നാൽ ഈ റിപ്പോർട്ടുകൾക്ക് ഒരു മറുവശമുണ്ട്.കേരളത്തെ ഒരു മയക്കുമരുന്ന് വ്യാപാര ഇടനാഴിയായി ഉപയോഗിക്കുകയാണ്. മയക്കുമരുന്ന് കള്ളക്കടത്ത് പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെയാണെന്ന് സുരക്ഷാ ഏജൻസികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.മയക്കുമരുന്ന് വിപണിയുടെ ഏകദേശം 95 ശതമാനവും ദാവൂദ് ഇബ്രാഹിം സിൻഡിക്കേറ്റിന്റെ നിയന്ത്രണത്തിലാണെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.പാകിസ്ഥാൻ ചാര സംഘനയുടെ സഹായത്തോടെ പഞ്ചാബില്‍ മയക്കുമരുന്ന് സുലഭമാക്കിയ അതേ സിൻഡിക്കേറ്റാണിത്. പാകിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്നുകൾ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും വിതരണം ചെയ്യുന്നതിന് മുൻപ് ആദ്യം എത്തുക പഞ്ചാബിലേക്കാണ്. അതും വലിയ തോതില്‍. സുരക്ഷാ ഏജൻസികള്‍ക്ക് ഒരു പരിധി വരെ പാകിസ്ഥാനില്‍ നിന്നുള്ള ഈ മയക്കുമരുന്ന് ഭീഷണി തടയാൻ സാധിച്ചു എന്നുള്ളത് എടുത്ത് പറയേണ്ട കാര്യം തന്നെ.
പിന്നാലെ ഇന്ത്യയുടെ തെക്കേ അറ്റത്തെ സാധ്യതകളെ കുറിച്ച് മയക്കുമരുന്ന് സിൻഡിക്കേറ്റ് മനസിലാക്കി എന്നുവേണം കരുതാൻ. ഇതോടെയാണ് ശ്രീലങ്കയിൽ മൊഡ്യൂളുകൾ സൃഷ്‌ടിക്കാൻ അവർ തീരുമാനിച്ചതും. പാകിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് കടല്‍ മാർഗം ഇന്ത്യയിലേക്ക് കടത്തുമ്പോള്‍ ആദ്യം ശ്രീലങ്കയില്‍ എത്തിക്കണം. മെത്താംഫെറ്റാമൈൻ എന്ന മെത്തിനാണ് രാജ്യത്ത് കൂടുതല്‍ ഡിമാൻഡ്. കേരളത്തിലും ഈ മയക്കുമരുന്നിന് ആവശ്യക്കാരുണ്ട്. മെത്താഫൈന്‍റെ ഡിമാൻഡ് മനസിലാക്കിയ സിൻഡിക്കേറ്റ് കേരളത്തെ ഒരു ട്രാൻസിറ്റ് പോയിന്‍റാക്കി മാറ്റുകയായിരുന്നു.
മയക്കുമരുന്ന് സിൻഡിക്കേറ്റിലെ പ്രധാനി ഹാജി സലിമിനാണ് പ്രവർത്തനങ്ങളുടെ മേല്‍നോട്ട ചുമതലയെന്നും ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കേരളത്തെ മയക്കുമരുന്ന് വ്യാപാര ഇടനാഴിയായി ഉപയോഗിച്ചുകൊണ്ട് ദക്ഷിണേന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയൊരു ശൃംഖല കെട്ടിപ്പടുക്കാൻ കഴിഞ്ഞ രണ്ടുവർഷം കൊണ്ട് സലിമിന് കഴിഞ്ഞു. നിരീക്ഷണം കുറവാണെന്നും സംവിധാനത്തിനുള്ളിൽ അഴിമതി ഉണ്ടെന്നും കേന്ദ്ര ഏജൻസികൾ പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ നിരീക്ഷണ കുറവ് കള്ളക്കടത്തുകാർക്ക് ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കാനും പിന്നീട് രാജ്യത്തുടനീളം വില്‍പന നടത്താനും സഹായകമായി എന്നും പറയപ്പെടുന്നു.
ശ്രീലങ്കയില്‍ നിന്ന് കടല്‍ മാർഗം കേരളത്തിലെത്തിക്കുന്ന മെത്ത് തമിഴ്‌നാട്, കർണാകട അതിർത്തികള്‍ കടത്തി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. സമീപകാലത്ത്, ആന്ധ്രാപ്രദേശ് അതിർത്തിയിലൂടെ കഞ്ചാവ് കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നാണ് പ്രധാനമായും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്നുകൾ അന്താരാഷ്ട്ര കാർട്ടലുകളുടെ സഹായത്തോടെ തായ്‌ലൻഡിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കടത്തുന്നു എന്നും റിപ്പോർട്ടുണ്ട്.
തായ്‌ലൻഡിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ഏറ്റവും ഉയർന്ന നിലയിലാണ്. കാരണം തായ്‌ലൻഡില്‍ ഇത്തരം വസ്‌തുക്കള്‍ക്ക് വലിയ ഡിമാൻഡ് ഉണ്ട്. നൈജീരിയൻ വംശജരെ ഉപയോഗിച്ചാണ് മയക്കുമരുന്ന് സിൻഡിക്കേറ്റിന്‍റെ ഇത്തരം വ്യാപാരങ്ങളൊക്കെ. ഗോവയില്‍ വച്ച് മയക്കുമരുന്ന് വ്യാപാരത്തില്‍ പരിചയം കിട്ടിയ നൈജീരിയൻ വംശജരെ സിൻഡിക്കേറ്റ് അന്താരാഷ്‌ട്ര വ്യാപാരങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഈ മെത്ത് കടത്തലുകളൊക്കെ വലിയ അളവിലാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തിടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് 30,000 കോടി രൂപയുടെ മെത്ത് പിടിച്ചെടുത്തത് ഇതിന് തെളിവായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മയക്കുമരുന്ന് വ്യാപകമായി പിടിച്ചെടുത്തതോടെ സിൻഡിക്കേറ്റ് തന്ത്രം ഒന്നുമാറ്റി പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെറിയ അളവിലും മെത്ത് കടത്തുണ്ടെന്നാണ് വിവരം. പാക് ചാരസംഘടന ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് ഈ മയക്കുമരുന്ന് വ്യാപാരം. ഇതില്‍ നിന്നുള്ള വരുമാനം ഇന്ത്യയ്‌ക്കെതിരായ ഭീകരത വളർത്താനും ഉപയോഗിക്കുന്നു. അതിനാൽ, പാകിസ്ഥാൻ ചാര ഏജൻസികൾക്കും ഈ വ്യാപാരം വളരെ പ്രധാനമാണ്.
















