വാരാണസി: അന്തരിച്ച മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും പദ്മശ്രീ ജേതാവുമായ മുഹമ്മദ് ഷാഹിദിന്റെ വീടിനു നേരെ ബുൾഡോസർ നടപടി. വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സംഭവത്തിനു പിന്നാലെ താരത്തിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി.
https://twitter.com/yadavakhilesh/status/1972317956374970596?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1972317956374970596%7Ctwgr%5E2a214af52cf04bae5c747cf706744c7b436e9f01%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Fnews%2Folympian-mohammed-shahid-house-demolished-varanasi-road-widening-ii2vtrmv
നഷ്ടപരിഹാരം നല്കിയ കെട്ടിടങ്ങള്‍ മാത്രമാണ് പൊളിച്ചുനീക്കിയതെന്ന് ഭരണകൂടം വ്യക്തമാക്കി. ഞായറാഴ്ച കെട്ടിടം പൊളിക്കല്‍ നടന്ന കച്ചേരി-സന്ദഹ പാതയിലാണ് ഹോക്കി താരത്തിന്റെ വീട് സ്ഥിതിചെയ്യുന്നത്. തനിക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും മറ്റൊരിടത്തും സ്വന്തമായി ഭൂമിയില്ലെന്നു ഷാഹിദിന്റെ സഹോദര ഭാര്യയായ നസ്നീന് പറഞ്ഞു. കുടുംബത്തോടൊപ്പം പോകാന്‍ വേറെ ഇടമില്ലെന്നും അവര്‍ പറഞ്ഞു. ഒക്ടോബറില്‍ കുടുംബത്തിലെ ഒരു വിവാഹത്തിന്റെ ഒരുക്കത്തിലാണ് തങ്ങളെന്നും പ്രദേശം വിട്ട് പോവാന്‍ മറ്റൊരിടത്തും ഒരിഞ്ച് ഭൂമിയില്ലെന്നും ബന്ധുവായ മുഷ്താഖും പറയുന്നു.
അതേസമയം, നഷ്ടപരിഹാരം നല്കിയ കെട്ടിടങ്ങള്‍ മാത്രമാണ് പൊളിച്ചുനീക്കുന്നതെന്ന് വാരാണസി എഡിഎം (സിറ്റി) അലോക് വര്‍മ പറയുന്നു. ഷാഹിദിന്റെ വീട്ടില്‍ ഒന്‍പത് പേര് താമസിച്ചിരുന്നുവെന്നും അവരില്‍ ആറുപേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്നും വര്‍മ പറഞ്ഞു. ബാക്കിയുള്ള മൂന്നുപേര്‍ കോടതിയില്‍നിന്ന് സ്റ്റേ ഓര്‍ഡര്‍ വാങ്ങിയിരുന്നെന്നും അവരുടെ ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്നതില്നിന്ന് ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് അപലപിച്ചു. തകര്‍ത്തത് കേവലം വീടല്ല. രാജ്യത്തിന്റെ കായിക പൈതൃകത്തിന്റെ പ്രതീകംകൂടിയാണ്. കാശിയുടെ മണ്ണില്‍ പ്രതിഭകളെയും ആദരണീയരായ വ്യക്തികളെയും അപമാനിക്കുന്ന ബിജെപി സര്‍ക്കാരിനോട് ജനങ്ങള്‍ ക്ഷമിക്കില്ലെന്നും അജയ് റായ് പറഞ്ഞു.
















