ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയെടുത്തിരിക്കുകയാണ്. ഫെെനലിൽ പാകിസ്താനെ തകർത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു സഞ്ജു സാംസൺ.ബാറ്റുകൊണ്ടും വിക്കറ്റിന് പിന്നിലും ഒരുപോലെ ശോഭിക്കാൻ സഞ്ജു സാംസണ് സാധിച്ചു. ഫെെനലിൽ ഇന്ത്യയുടെ ടോപ് ഓഡർ തകർന്നപ്പോൾ തിലക് വർമക്കൊപ്പം സഞ്ജു സൃഷ്ടിച്ച കൂട്ടുകെട്ട് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായി മാറിയിരുന്നു.ഇപ്പോഴിതാ ഏഷ്യാ കപ്പിലെ കിരീട നേട്ടത്തെക്കുറിച്ചും തന്റെ ബാറ്റിങ് പൊസിഷൻ മാറിയതിനെക്കുറിച്ചുമെല്ലാം സഞ്ജുവിന്റെ വാക്കുകൾ വൈറലാവുകയാണ്.
ഏഷ്യാ കപ്പില്‍ സമ്മര്‍ദത്തെ അവസരമാക്കുകയാണ് ചെയ്തതെന്നും മോഹന്‍ലാലിനെ പോലെ ഏത് റോളും ചെയ്യാനാണ് ശ്രമിക്കുന്നതെന്നുമാണ് സഞ്ജു പറഞ്ഞത്.എനിക്ക് ലേലട്ടന്റെ (മോഹൻലാൽ) മനോഭാവമാണ്. ഏത് റോളും എടുക്കാം. എവിടെ കളിച്ചാലും തിളങ്ങാനാവുമെന്ന് നമ്മൾ മനസിനെ പറഞ്ഞ് മനസിലാക്കിച്ചാൽ പിന്നെ കുഴപ്പമൊന്നും ഇല്ല. സാധാരണ കളിക്കുന്നതുപോലെ പാഡും അണിഞ്ഞ് ആദ്യം തന്നെ പോകാതെ അൽപ്പം കാത്ത് ടീമും കോച്ചും ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള റോൾ ചെയ്തുകൊടുക്കും. ആദ്യം ശ്രീലങ്കയ്ക്കെതിരേ കളിച്ചപ്പോൾ അൽപ്പം വേഗത്തിൽ അടിച്ചു റൺസുയർത്തേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഫെെനലിൽ കൂട്ടുകെട്ട് സൃഷ്ടിക്കാനായിരുന്നു പരിശീലകൻ നിർദേശിച്ചത്. സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള അനുഭവസമ്പത്ത് എനിക്കുണ്ട്. ദെെവം സഹായിച്ച് കഴിഞ്ഞ 10 വർഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമാണ്. കുറേ കളി കളിക്കുകയും പുറത്തിരുന്ന് കാണുകയും ചെയ്തിട്ടുണ്ട്. അതിന്റെ അനുഭവസമ്പത്തുള്ളതുകൊണ്ട് ഇതെല്ലാം ചെയ്യാൻ സാധിക്കുമെന്ന വിശ്വാസം തോന്നി- സഞ്ജു പറഞ്ഞു.
















