ഭീമന്‍ ആമകളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിലിതാ അതിന് അവസരമൊരുക്കി മൊറീഷ്യസ്. മൊറീഷ്യസിലെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ജയന്റ് ടോർടോയിസ് പാർക്കിലാണ് ഭീമാകാരന്മാരായ ആമകൾ ഉള്ളത്. ആമകളുടെ സങ്കേതമായ ഇവിടം കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
ഒരു കാലത്ത് വംശനാശഭീഷണി നേരിട്ട ആൽഡാബ്ര ജയന്റ് ടോർടോയിസ് ഉൾപ്പെടെയുള്ള ആമകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ പാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ആമകളെ തുറസ്സായ സ്ഥലങ്ങളിൽ വിട്ടിരിക്കുന്നു എന്നതാണ് പാർക്കിലെ ഏറ്റവും വലിയ പ്രത്യേകത.
ഇവിടെയെത്തുന്ന സന്ദർശകർക്ക്, ആമകളോടൊപ്പം തുറന്ന അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാനും അവയെ താലോലിക്കാനും ഭക്ഷണം നൽകാനും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും അവസരമുണ്ട്. ഇവിടെയുള്ള ചില ആമകള്‍ക്ക് 100 വയസ്സിന് മുകളില്‍ പ്രായമുണ്ട്. അതേപോലെ, 250 കിലോയ്ക്ക് മുകളില്‍ ഭാരവുമുണ്ട്.
ആമകൾക്ക് പുറമെ, പാർക്കിൽ വേറെയും നിരവധി ജീവികളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുതലകളായ നൈൽ മുതലകളെ ഇവിടെ കാണാം. കൂടാതെ, മൊറീഷ്യസിലെ തനതായ പാമ്പുകൾ, പല്ലികൾ, ചീങ്കണ്ണി വർഗത്തിൽപ്പെട്ട മറ്റ് ജീവികൾ എന്നിവയും ഇവിടെയുണ്ട്. വർണാഭമായ ആയിരക്കണക്കിന് ചിത്രശലഭങ്ങളും മറ്റു പ്രാണികളുമുള്ള ഒരു മ്യൂസിയവും പാർക്കിനുള്ളിലുണ്ട്.
മൊറീഷ്യസില്‍ നിന്നുള്ള വേറെയും വിഡിയോകള്‍ ശ്രീവിദ്യ പങ്കുവച്ചിട്ടുണ്ട്. തിമിംഗലങ്ങളെ കാണാന്‍ കടലിലൂടെ യാത്ര ചെയ്യുന്നതും റിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളും എല്ലാം കാണാം. പഞ്ചാര മണൽ വിരിച്ച മനോഹരമായ ബീച്ചുകളും കടുംനീല നിറത്തിലുള്ള കായലുകളുമാണ് മൊറീഷ്യസിലേക്കു ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാര്യം. ഇലെ ഓ സേർഫ്സ്, ട്രൂ ഓ ബിഷസ്, ഫ്ലിക്ക് എൻ ഫ്ലാക്ക് പോലുള്ള തീരപ്രദേശങ്ങൾ വാട്ടർ സ്‌പോർട്‌സിനും മറ്റു വിനോദങ്ങള്‍ക്കും പേരുകേട്ടവയാണ്. ആഴക്കടലിൽ ഡോൾഫിനുകളെ കാണാനും സ്നോർക്കെല്ലിങ്ങിനും ചില ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്ന “അണ്ടർവാട്ടർ വെള്ളച്ചാട്ടം” എന്ന പ്രകൃതിദത്തമായ ഒപ്റ്റിക്കൽ ഇല്യൂഷൻ കാണാനുമായി ടൂർ ബോട്ടുകൾ ധാരാളമായി ലഭ്യമാണ്.
പ്രകൃതിരമണീയമായ കാഴ്ചകൾക്ക് പുറമെ, മൊറീഷ്യസിന്റെ ഉൾഭാഗം പച്ചപ്പ് നിറഞ്ഞ മലനിരകളാലും ചരിത്രപരമായ സ്ഥലങ്ങളാലും സമ്പന്നമാണ്. ബ്ലാക്ക് റിവർ ഗോർജസ് നാഷണൽ പാർക്ക് ട്രെക്കിങ്ങിനും അപൂർവയിനം സസ്യജന്തുജാലങ്ങളെ കാണാനും പറ്റിയ സ്ഥലമാണ്. അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി രൂപപ്പെട്ട, ഏഴ് വ്യത്യസ്ത വർണ്ണങ്ങളിലുള്ള മണ്ണുകാണുന്ന ചാമറെൽ സെവൻ കളേർഡ് എർത്ത്സ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ്. കൂടാതെ, പോർട്ട് ലൂയിസിലെ തിരക്കേറിയ സെൻട്രൽ മാർക്കറ്റ്, ആപ്രവാസി ഘാട്ട് എന്ന യുനെസ്‌കോ പൈതൃക കേന്ദ്രം എന്നിവയും മൊറീഷ്യസിലെ കാഴ്ചകളുടെ പട്ടികയിൽ പ്രധാനപ്പെട്ടതാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മൊറീഷ്യസ് വീസ ഓൺ അറൈവൽ സൗകര്യം നൽകുന്നുണ്ട്. അതിനാല്‍, മുൻകൂട്ടി വീസ എടുക്കേണ്ട ആവശ്യമില്ല. മൊറീഷ്യസ് വർഷം മുഴുവനും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണെങ്കിലും കാലാവസ്ഥ വച്ച് നോക്കുമ്പോള്‍ ഏറ്റവും മികച്ച സമയം മേയ് മുതൽ ഡിസംബർ വരെയാണ്.
















