കോടിക്കണക്കിന് ജനങ്ങളുടെ ജീവധാരയായ ഗംഗാ നദി നേരിടുന്നത് ഗുരുതരമായ വരൾച്ച. ഇന്ത്യയിലെ ഏറ്റവും നീളമേറിയ നദിയാണ് ഗംഗ. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലെ ഗംഗോത്രി ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗ ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നു. 600 ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവനാഡിയായ ഗംഗാ നദിക്ക്, നമ്മുടെ ഭാരതത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ജീവിതത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്. എന്നാൽ ഇപ്പോൾ ഏറെ ആശങ്ക നിറഞ്ഞ വാർത്തയാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ 1,300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കഠിനമായ വരൾച്ചയിലൂടെയാണ് നദി കടന്നുപോകുന്നത്. ആഗോള താപനില ഉയരുന്നതാണ്പ്രധാന കാരണം. ഇത് ഇന്ത്യ, നേപ്പാൾ ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ജനജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് സൂചന. ജലസുരക്ഷാ, കൃഷി, വൈദ്യുത്പാദനം എന്നിവയെ കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഇത് മുന്നോട്ട് വയ്ക്കുന്നതെന്ന് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.
ഐഐടി ഗാന്ധിനഗറിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനങ്ങൾ നടന്നത്. പുരാതന കാലാവസ്ഥാ രേഖകളും കമ്പ്യൂട്ടർ മോഡലുകളും ഉപയോഗിച്ച് 700 CE മുതൽ 2012 CE വരെയുള്ള നീരൊഴുക്ക് ചരിത്രം പുനഃസൃഷ്ടിച്ചാണ് ഈ പഠനം നടത്തിയത്. 1991 മുതൽ 2020 വരെയുള്ള സമീപ ദശകങ്ങളിൽ ഗംഗാ തടം ഇടയ്ക്കിടെയുള്ളതും നീണ്ടുനിൽക്കുന്നതുമായ വരൾച്ചയെ അഭിമുഖീകരിച്ചുവെന്നാണ് റിപ്പോർട്ട്. 1990-കൾ മുതൽ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞുവെന്നും ഈ കാലയളവിലെ കുറവ്, മുൻകാലങ്ങളിൽ ഏറ്റവും സമാനമായ 16-ാം നൂറ്റാണ്ടിലെ വരൾച്ചയേക്കാൾ 76% മോശമായിരുന്നുവെന്നും ‘പിഎൻഎഎസി’ (PNAS) ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
2015-17 കാലയളവിൽ, ഗംഗയുടെ മധ്യ-താഴ്ന്ന പ്രദേശങ്ങളിലെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പ് കുടിവെള്ള വിതരണം, വൈദ്യുതി ഉത്പാദനം, ജലസേചനം, നാവിഗേഷൻ എന്നിവയെ സാരമായി ബാധിച്ചു. ഇത് 120 ദശലക്ഷത്തിലധികം ആളുകളെ ജീവിതതത്തെ ബാധിച്ചുവെന്നാണ് കണ്ടെത്തൽ. ആഗോളതാപനം കൂടാതെ മൺസൂൺ ദുർബലമാകുന്നതും ഗംഗ ജലത്തെ വരൾച്ചയിലേക്ക് നയിക്കുന്നു എന്നും പഠനം. ഗംഗാനദിയുമായി ബന്ധപ്പെട്ട മുൻകാലങ്ങളിൽ നടത്തിയ പഠനങ്ങളെല്ലാം ചോദ്യം ചെയ്യുന്ന രീതിയിലാണ് പുതിയ പഠന റിപ്പോർട്ട് വന്നിരിക്കുന്നത്.
1960 മുതൽ ഗംഗാതടത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അതിശക്തമായ മഴയുടെ അളവ് വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഇതുമൂലം ഉള്ള വെള്ളപ്പൊക്ക സാധ്യത വർദ്ധിക്കുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള മഴയുടെ അളവ് കുറഞ്ഞതായാണ് ഭോപ്പാൽ ഐഐഎസ്ഇആർ 2024 നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് കിഴക്കൻ ഇന്തോ- ഗംഗാ സമതലങ്ങളിലും ചമ്പൽ, ബെറ്റ്വ, ടൺസ് സോൺ തുടങ്ങിയ തെക്കൻ ഉപതടങ്ങളിലും മഴയുടെ അളവ് കുറഞ്ഞു. ഇത് നദിയുടെ വരൾച്ചയുടെ ആഘാതം വർദ്ധിപ്പിച്ചു.
കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്രുതഗതിയിലുള്ള ചൂടാകലും ഉപഭൂഖണ്ഡത്തിലെ മന്ദഗതിയിലുള്ള ചൂടാകലും കാരണം കര-കടൽ താപ വ്യത്യാസം കുറയുന്നതായി 2015-ൽ പൂനെയിലെ ഐഐടിഎം (IITM) നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇത് 1901 മുതൽ 2012 വരെയുള്ള കാലയളവിൽ മധ്യ-കിഴക്കൻ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും വേനൽക്കാല മഴയിൽ ഗണ്യമായ കുറവുണ്ടാക്കി. ഇതും ഗംഗാ നദിയെ വരൾച്ചയിലേക്ക് നയിച്ചുവെന്നാണ് സൂചന.അതായത് മൺസൂൺ ദുർബലമാകുന്നതും ഇടയ്ക്കിടെ നീണ്ടുനിൽക്കുന്ന വരൾച്ച മൂലവും നദിയെ വേഗത്തിൽ വരൾച്ചയിലേക്ക് നയിക്കുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
















