റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ കേരള പോലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 29,301 വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സംസ്ഥാന പാതകളില്‍ 9489, ദേശീയ പാതകളില്‍ 8470, മറ്റ് പാതകളില്‍ 11342 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്.
അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രതകൂടിയ പാതകള്‍, പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, സര്‍വ്വീസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നത്. അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനും ഭീഷണിയാകാറുണ്ട്. ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.
STORY HIGHLIGHT : Illegal vehicle parking: Fines levied on 29,301 vehicles
















