കരൂർ ദുരന്തത്തിൽ തമിഴ്നാട്ടിൽ വാദ പ്രതിവാദങ്ങങൾ തുടരുകയാണ്. മൗനം വെടിഞ്ഞ് ഇന്ന് വീഡിയോ സന്ദേശവുമായി എത്തിയ വിജയ് ഡിഎംകെയ്ക്കും സ്റ്റാലിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. വിജയ് യോടുള്ള പകപോക്കലാണ് കരൂർ ദുരന്തം എന്ന സൂചനയാണ് താരം നൽകിയത്.എന്നാൽ വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. വിജയ്ക്ക് മറുപടി വാർത്ത സമ്മേളനത്തിലൂടെയായിരുന്നു ഡിഎംകെ നൽകിയത്.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാൻ വേണ്ടിയാണ് വാർത്താസമ്മേളനമെന്നും സർക്കാർ വക്താവ് അമുദ ഐഎഎസ് വ്യക്തമാക്കി. വിജയ് കരൂരിൽ 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണത്തിന്റെ ദൃശ്യവും ടിവികെ പ്രവർത്തകർ കടകൾക്ക് മുകളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും സർക്കാർ തെളിവായി പുറത്തുവിട്ടിട്ടുണ്ട്. മാത്രമല്ല കുഴഞ്ഞുവീണ ആളുകളെ പൊലീസ് പരിചരിക്കുന്നതിന്റെയും തിരക്കിലും പെട്ട് വീണ ആളുകൾക്ക് മുകളിലേക്ക് വീണ്ടും ആളുകൾ വീഴുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ടിവികെ നേതാക്കളുടെ അറസ്റ്റുകളെ വിമർശിച്ചുള്ള വിജയ്‌യുടെ പ്രതികരണത്തിനും അവർ മറുപടി നൽകി.
തുടർനടപടികൾ ഇനിയും ഉണ്ടാകുമെന്ന് അവർ വ്യക്തമാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സർക്കാർ തള്ളി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും പ്രവർത്തകർ ജനറേറ്റർ വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജനറേറ്റർ തകരാറായതു കൊണ്ട് ചില ലൈറ്റുകൾ അണഞ്ഞതാണ്. അതിന്റെ ദൃശ്യങ്ങളും സർക്കാർ പുറത്തുവിട്ടു. വിജയ്‌യുടെ വാഹനം വരുന്നതിന് മുമ്പ് തന്നെ ജനം നിറഞ്ഞു. വാഹനം മുന്നോട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയെങ്കിലും സംഘാടകർ അത് അനുസരിച്ചില്ലെന്നും സർക്കാർ പറയുന്നു.
ഇതോടെ ടിവികെയ്ക്കെതിരെ സർക്കാർ ശക്തമായി മുന്നോട്ട് പോകുകയാണെന്ന് വ്യക്തമായി. മാത്രമല്ല തമിഴക വെട്രി കഴകം നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവർ റിമാൻഡിലുമാണ്. എന്നാൽ താൻ രാഷ്ട്രീയ പ്രവർത്തനം ശക്തമായി തുടരുമെന്നും എങ്ങഉം നാടുവിട്ടിട്ടില്ലെന്നും പറഞ്ഞ് വിജയും പ്രതിരോധിക്കുന്നു. കരൂർ ദുരന്തം രാഷ്ട്രീയ യുദ്ധത്തിലേക്ക് മാറുമ്പോൾ ആരാണ് ശരി ആരാണ് തെറ്റെന്ന് അറിയാതെ തമിഴ് ജനത പകച്ചു നിൽക്കുന്നു
















