റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് ഹിൽ പാലസ് പൊലീസ്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികൾ കേസിൽ ഉണ്ടായിരുന്നു.
ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടന്‍റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണെന്ന് എഫ്ഐആറില്‍ പറയുന്നു. കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
STORY HIGHLIGHT: police chargesheet against rapper vedan
















