വാഷിങ്ടണ്‍: എച്ച് 1 ബി വിസയ്ക്കുള്ള നിരക്ക് വര്‍ധിപ്പിച്ച അമേരിക്കൻ ട്രംപ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയ്ക്ക് നേട്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അമേരിക്കൻ കമ്പനികള്‍ തങ്ങളുടെ ജോലികള്‍ കൂടുതലായും ഇന്ത്യയിലേക്ക് മാറ്റുന്നതിന് ഈ സാഹചര്യം ഇടയാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്.
യുഎസ് കമ്പനികളുടെ നിര്‍മിതബുദ്ധി, പ്രോഡക്ട് ഡെവലപ്‌മെന്റ്, സൈബര്‍ സുരക്ഷ, അനലിറ്റിക്‌സ് മുതലായ മേഖലകളിലുള്ള തൊഴിലുകൾ ഇന്ത്യയിലെ തങ്ങളുടെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളി(ജിസിസി)ലേക്ക് മാറ്റുന്നതിനുള്ള വേഗംകൂട്ടാന്‍ വിസാനിരക്ക് നടപടികളിലെ പരിഷ്‌കാരം വഴിവെക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മള്‍ട്ടി നാഷണല്‍ കോര്‍പറേഷനുകളുടെ (എംഎന്‍സി) പൂര്‍ണ ഉടമസ്ഥതയിലുള്ളതും വിദേശത്ത് പ്രവര്‍ത്തിക്കുന്നതുമായ ഉപസ്ഥാപനങ്ങളെയാണ് ജിസിസി എന്ന് വിളിക്കുന്നത്. മാതൃസ്ഥാപനത്തിനു വേണ്ടി ഐടി, സാമ്പത്തികം, ഗവേഷണവും വികസനവും, ഡേറ്റാ അനലിറ്റിക്‌സ് തുടങ്ങിയ ജോലികൾ ചെയ്യുക എന്നതാണ് ഇവയുടെ ചുമതല.
സാമ്പത്തികം മുതല്‍ ഗവേഷണവും വികസനവും വരെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ജിസിസികള്‍ക്ക് വലിയതോതില്‍ വളര്‍ച്ച കൈവരിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, ആഗോളതലത്തിലുള്ള പ്രതിഭാശേഷിയുടെ കേന്ദ്രങ്ങളായി മാറാന്‍ ഇന്ത്യന്‍ ജിസിസികള്‍ക്ക് സാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ 1,700 ജിസിസികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ആഗോളതലത്തിലുള്ള ജിസിസികളില്‍ പകുതിയിലേറെവരും ഇത്. ടെക്ക് സപ്പോര്‍ട്ട് കേന്ദ്രങ്ങൾ എന്ന നിലയിൽനിന്ന് നൂതന ആശയങ്ങള്‍ വികസിപ്പക്കുന്ന കേന്ദ്രമായി വളരാനും ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എച്ച് 1 ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ സെപ്റ്റംബര്‍ 19-ാം തീയതിയാണ് ട്രംപ് ഒപ്പുവെച്ചത്. ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയാകുന്നതാണ് ഈ തീരുമാനമെന്ന് വിലയിരുത്തലുണ്ടായിരുന്നു. നേരത്തെയുണ്ടായിരുന്ന 1700-5000 ഡോളറില്‍നിന്ന് ഒരുലക്ഷം ഡോളറായാണ് എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ട്രംപ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇത്തരം വിസകളുടെ പ്രധാന ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണ്. ചൈനക്കാരാണ് രണ്ടാമത്.
















