സമുദ്രം എന്നും അത്ഭുതമാണ്. നിരവധി രഹസ്യങ്ങളാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്നത്. നമ്മൾ കാണാത്തതും അറിയാത്തതുമായി ഒട്ടേറെ ജീവിവർഗ്ഗങ്ങൾ കടലിന്റെ ആഴങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇപ്പോഴിതാ 35 വർഷത്തിന് ശേഷം വംശനാശം സംഭവിച്ചുവെന്ന് കരുതിയ ഗിറ്റാർ മത്സ്യം തീരത്തടിഞ്ഞിരിക്കുകയാണ്.

ഗിറ്റാർ മത്സ്യത്തിനെ കണ്ടെത്തിയതിന്റെ കൗതുകത്തിലാണ് ദക്ഷിണാഫ്രിക്കയിലെ ഗവേഷകർ. കിഴക്കൻ കേപ്പിലെ ബിർഹ നദിയുടെ അഴിമുഖത്താണ് ചത്ത് തീരത്തടിഞ്ഞ നിലയിൽ ലാർജ്ടൂത്ത് സോഫിഷ് എന്നറിയപ്പെടുന്ന മത്സ്യത്തെ പ്രദേശവാസിയായ മൈക്ക് വിൻസെന്റ് കണ്ടെത്തിയത്. അതിന്റെ ആകൃതി കണ്ട് കൗതുകം തോന്നിയ അദ്ദേഹം ഈസ്റ്റ് ലണ്ടൻ മ്യൂസിയത്തിലെ ഒരു പ്രകൃതി ശാസ്ത്രജ്ഞന് ചിത്രങ്ങൾ അയച്ചുകൊടുത്തു. അദ്ദേഹമാണ് ഇത് ലാർജ്ടൂത്ത് സോഫിഷ് ആണെന്ന നിഗമനത്തിലെത്തിയത്.

1990 കൾക്ക് ശേഷം ഈ മേഖലയിൽ ലാർജ്ടൂത്ത് സോഫിഷ് ഇനത്തിൽപ്പെട്ട മത്സ്യത്തെ കണ്ടെത്തിയിരുന്നില്ല. അതിനാൽ പ്രദേശത്ത് നിന്നും അവ പൂർണമായി ഇല്ലാതായി എന്ന കണക്കുകൂട്ടലിലായിരുന്നു ഗവേഷകർ. വാളിന്റെ ആകൃതിയിൽ നീണ്ട മൂക്കും പരന്ന ശരീരവും ഉള്ളതുമൂലം ഇവയെ കാണുമ്പോൾ ഗിറ്റാർ പോലെ തോന്നിക്കും. കൂർത്ത പല്ലുകളും നീണ്ടുനിൽക്കുന്ന ഈ മുഖഭാഗത്തിലുണ്ട്. ഇരയെ വേട്ടയാടാനും കടലിൻ്റെ അടിത്തട്ടിൽ കുഴികൾ ഉണ്ടാക്കാനുമൊക്കെ ഈ ശരീരഭാഗം ഇവ ഉപയോഗിക്കുന്നു. സ്രാവുകളോടാണ് സാമ്യത കൂടുതലുള്ളതെങ്കിലും ഇവ യഥാർത്ഥത്തിൽ തിരണ്ടി വർഗത്തിൽപ്പെടുന്നവയാണ്.
കിഴക്കൻ കേപ്പ് തീരത്തടിഞ്ഞ ഗിറ്റാർ മത്സ്യത്തിന് 2.9 മീറ്റർ നീളമുണ്ടായിരുന്നു. എങ്ങനെയാണ് മത്സ്യം ചത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ശരീരത്തിന്റെ ഒരു ഭാഗം കടിച്ചു നീക്കിയത് പോലെ കാണപ്പെട്ടിരുന്നു. മറ്റേതെങ്കിലും സമുദ്ര ജീവി അതിനെ വേട്ടയാടി കൊന്നതാണോ അതോ ചത്തതിനു ശേഷം കരയിലെ ജീവികൾ ഭക്ഷിച്ചതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആഗോളതലത്തിൽ ഉഷ്ണമേഖല – ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രങ്ങളിൽ വ്യത്യസ്ത ജനുസിൽപ്പെട്ട ലാർജ്‌ടൂത്ത് സോഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്. ചാരം കലർന്ന തവിട്ട് നിറത്തിലാണ് ഇവ കാണപ്പെടുന്നത്. ഏകദേശം ഏഴു മീറ്റർ വരെ ഇവയ്ക്ക് വലിപ്പം വയ്ക്കുമെന്നും ഗവേഷകർ പറയുന്നു. ചില അവസരങ്ങളിൽ ഇവ തീരദേശത്തുനിന്ന് ശുദ്ധജല തടാകങ്ങളിലേക്ക് ഒഴുകിയെത്താറുമുണ്ട്. മത്സ്യബന്ധനം, ആവാസ വ്യവസ്ഥയുടെ നാശം എന്നിവ മൂലം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ലാർജ്ടൂത്ത് സോഫിഷ് വർഗം ഇടംപിടിച്ചിട്ടുണ്ട്.
















