പട്ന: ബിഹാറിൽ അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) പൂര്‍ത്തിയായതിന് പിന്നാലെയാണ് നടപടി. നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിക്കുമെന്നു ബിഹാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
7.42 കോടിയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ എണ്ണം. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ പട്ടികയില്‍ ഉണ്ടായിരുന്നത് 7.89 കോടി വോട്ടര്‍മാരായിരുന്നു. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 7.24 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.
അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വോട്ടർ പട്ടിക പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ഉടൻ ലഭ്യമാക്കും. പുതുക്കലിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അന്തിമ വോട്ടർ പട്ടിക റദ്ദാക്കുമെന്നു സുപ്രീം കോടതി തിരഞ്ഞെടുപ്പു കമ്മിഷനു മുന്നറിയിപ്പു നൽകിയിരുന്നു. വോട്ടർ പട്ടിക കേസിൽ സുപ്രീം കോടതിയിൽ അന്തിമ വാദം കേൾക്കൽ ഒക്ടോബർ ഏഴിനു നടക്കും.
അതേസമയം, ബിഹാർ അന്തിമ വോട്ടർപട്ടികയിൽ വിമർശനവുമായി പ്രതിപക്ഷം. SIR തട്ടിപ്പെന്ന് കോൺഗ്രസ് ആരോപിച്ചു. സെപ്റ്റംബർ ഒന്നിന് ശേഷം വോട്ടർപട്ടികയിൽ 4.6 ലക്ഷം പുതിയ വോട്ടർമാരെ എങ്ങനെ ഉൾപ്പെടുത്തിയെന്ന് യോഗേന്ദ്ര യാദവ് ചോദിച്ചു. 47 ലക്ഷം വോട്ടർമാരെ ഒഴിവാക്കി കൊണ്ടാണ് ബിഹാറിൽ അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ നിന്നും 18 ലക്ഷം വോട്ടർമാരെ അധികമായി ചേർത്തെങ്കിലും വിഷയത്തിൽ വിമർശനം ശക്തമാക്കി മുന്നോട്ടു പോവുകയാണ് കോൺഗ്രസും ആർജെഡിയും.
















