വാഷിങ്ടൻ: യുഎസ് ഗവർമെന്റ് അടച്ചുപൂട്ടലിലേക്കു (ഷട്ട്ഡൗൺ) നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തന്റെ സർക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. സർക്കാർ ചിലവുകൾക്കുള്ള വാർഷിക ധനവിനിയോഗ ബിൽ സെനറ്റിൽ പാസ്സായില്ല. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ സേവനങ്ങൾ നിലയ്ക്കും. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. അടച്ചുപൂട്ടൽ സംഭവിച്ചാൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ വേണ്ടി വരുമെന്ന് ട്രംപ്.
ബില്ലിൽ കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി നിലപാട് എടുത്തു. സെനറ്റിൽ ഏഴ് ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ ഫണ്ടിങ് ബിൽ പാസ്സാകില്ല. സേവനങ്ങളുടെ അടച്ചുപൂട്ടലിലേക്ക് നീങ്ങും. 1981 ന് ശേഷമുള്ള 15ാം ഷട്ട്ഡൗണിലേക്കാണു യുഎസ് നീങ്ങുന്നത്. സർക്കാർ സേവനങ്ങൾ നിർത്തിവെക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്നു വിശേഷിപ്പിക്കുന്നത്. ഷട്ട്ഡൗൺ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ചർച്ച വിജയംകണ്ടിരുന്നില്ല.
2026ന്റെ തുടക്കം വരെയുള്ള ചെലവുകൾക്കായി 12-ഓളം ബില്ലുകൾ പാസ്സാകേണ്ടതുണ്ട്. ബില്ലിൽ ആരോഗ്യസേവന മേഖലയ്ക്കുള്ള ഒബാമ കെയർ സബ്‌സിഡികൾ ഉറപ്പാക്കണമെന്ന് ഡമോക്രാറ്റുകൾ നിർദ്ദേശിച്ചതാണ് കല്ലുകടിയായത്. ട്രംപിന്റെ ആദ്യ ടേമിൽ 2018 ഡിസംബർ മുതൽ 35 ദിവസം നീണ്ട സർക്കാർ ഷട്ട്ഡൗൺ നടന്നിരുന്നു. ജിഡിപിയിൽ മൂന്നു ബില്യൺ ഡോളറിന്റെ നഷ്ടമാണ് അതുണ്ടാക്കിയത്.
















