ഗസ്സ സിറ്റി: ഗസ്സ യുദ്ധവിരാമം ലക്ഷ്യമിട്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൈമാറിയ ഇരുപതിന പദ്ധതി സംബന്ധിച്ച് ഹമാസ് നേതാക്കൾക്കിടയിൽ ചർച്ച തുടരുന്നു. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഗസ്സയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുമെന്ന് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നല്‍കി. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ ദുഖകരമായിരിക്കും പര്യവസാനമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. സമാധാന പ്രതീക്ഷ നൽകുന്നതിനൊപ്പം ഹമാസിനും ബെഞ്ചമിൻ നെതന്യാഹുവിനും ഒരുപോലെ സമ്മർദം നൽകുന്നതാണ് നിലവിലെ അമേരിക്കൻ പദ്ധതി. അറബ് – ഇസ്ലാമിക് – ഗൾഫ് രാജ്യങ്ങളുടെ വലിയ പിന്തുണയാണ് പദ്ധതിക്കുള്ളത്.
ട്രംപുമായി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഹമാസ് ഈ വ്യവസ്ഥകൾ അംഗീകരിക്കുമോ എന്നു വ്യക്തമല്ല.
അതിനിടെ, ഇസ്രായേൽ പിന്തുണയോടെ അമേരിക്ക അവതരിപ്പിച്ച ഇരുപതിന പദ്ധതിക്ക് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നേതൃത്വത്തെയും ശ്രമങ്ങളെയും സൗദിക്ക് പുറമെ ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു. എത്രയും വേഗം പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞ്ഞു.
പദ്ധതി നടന്നാൽ ഗാസയിൽ ഹമാസിന്റെയും ഇസ്രയേലിന്റെയും റോൾ ഒരുപോലെ അവസാനിക്കുകയാണെന്ന് വേണം വിലയിരുത്താൻ. ഹമാസ് അധികാരം വിട്ട് ആയുധം താഴെ വെച്ച് ഒഴിയണമെന്നും ഇസ്രയേൽ പിൻവാങ്ങണം എന്നെല്ലാം ആണ് നിര്‍ദേശങ്ങള്‍. പദ്ധതി ഹമാസ് പരിശോധിക്കുകയാണെന്നാണ് ഖത്തർ അറിയിച്ചിരിക്കുന്നത്. കൂടിപ്പോയാൽ നാല് ദിവസത്തിനപ്പുറം ഹമാസിന് സമയം ലഭിക്കില്ലെന്നാണ് ട്രംപ് അറിയിക്കുന്നത്. ഹമാസ് എതിർക്കുന്നുണ്ടെങ്കിലും ഗാസയിൽ താൽക്കാലിക അന്താരാഷ്ട്ര ഭരണസമിതി വരും. ടോണി ബ്ലൈയറും ട്രംപും മേൽനോട്ടം വഹിക്കും.
















