കൊച്ചി: വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 1604 രൂപയാണ് 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില. ദസറയ്ക്ക് മുന്നോടിയായി, ഒക്ടോബർ ഒന്ന് മുതൽ വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുമെന്ന് എണ്ണ കമ്പനികൾ നേരത്തെ അറിയിച്ചിരുന്നു. നാല് തവണ നിരക്ക് കുറച്ചതിനു ശേഷമാണ് വർധനയുണ്ടായത്. അതേസമയം 14.2 കിലോയുടെ ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.
രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. സെപ്റ്റംബർ ഒന്നിന് വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 51.50 രൂപ കുറച്ചിരുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ഏപ്രിൽ ഒന്നിനും എണ്ണ കമ്പനികൾ വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില 41 രൂപയാണ് അന്ന് കുറച്ചത്.
















