മനില: മധ്യ ഫിലിപ്പീൻസിലെ സെബൂ മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 27 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10ഓടെയാണ് റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 120 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം 90,000 ആളുകള്‍ വസിക്കുന്ന തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാര്യമായ നാശമുണ്ടായിട്ടുണ്ട്. നാല് കെട്ടിടങ്ങളും ആറ് പാലങ്ങളും പൂർണമായി തകർന്നെന്ന് സെബു പ്രവിശ്യ അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിൽപെട്ടാണു മരണം.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒരു മലയോര ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കൂട്ടം കുടിലുകള്‍ മണ്ണിനടിയിലായി.
















