19-ാമത് എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്ങിൽ ആദ്യ പത്തില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് സ്കൂളുകള്‍ . സ്റ്റേറ്റ് ഗവണ്‍മെന്റ് ഡേ സ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് നടക്കാവ് ഗവൺമെന്റ് വിഎച്ച്എസ്എസ് ഫോർ ഗേൾസ് സ്കൂള്‍ രണ്ടാം സ്ഥാനം നേടി. മുൻ വര്‍ഷങ്ങളിലെ റാങ്കിങ്ങിലും ഇതേ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നടക്കാവ് ഗവൺമെന്റ് വിഎച്ച്എസ്എസ് ഫോർ ഗേൾസിനായിരുന്നു.
സെൻട്രൽ ഗവൺമെന്റ് ഡേ സ്കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയം ഒൻപതാം സ്ഥാനം നേടി. കൊച്ചി നേവി ചിൽഡ്രൻ സ്കൂൾ (12-ാം സ്ഥാനം), കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, നേവൽ ബേസ് കൊച്ചി (18-ാം സ്ഥാനം), തിരുവനന്തപുരം പാങ്ങോട് ആർമി പബ്ലിക് സ്കൂൾ (29-ാം സ്ഥാനം) എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള സംസ്ഥാനത്തെ മറ്റ് സ്കൂളുകൾ.
സെൻട്രൽ ഗവൺമെന്റ് ബോർഡിംഗ് സ്കൂള്‍ വിഭാഗത്തില്‍ ജവഹർ നവോദയ വിദ്യാലയ, ചെന്നിത്തല എട്ടാം സ്ഥാനം നേടി. ദി ചോയ്സ് സ്കൂൾ, കൊച്ചി (17), മോണ്ട്ഫോർട്ട് സ്കൂൾ, ചിന്നക്കനാൽ (36), ഡൽഹി പബ്ലിക് സ്കൂൾ കൊല്ലവും കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഈ വിഭാഗത്തില്‍ 37-ാം സ്ഥാനത്ത് എത്തുകയും ചെയ്തു.
ഇന്റർനാഷണൽ ഡേ-കം-ബോർഡിംഗ് സ്കൂള്‍ വിഭാഗത്തില്‍ സദ്ഭാവന വേൾഡ് സ്കൂൾ, കോഴിക്കോട് ആറാം സ്ഥാനത്തെത്തി. ദി വൈറ്റ് സ്കൂൾ ഇന്റർനാഷണൽ, കോഴിക്കോട് (12), ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ (19), ഡോൺ ഇന്റർനാഷണൽ സ്കൂൾ, കൊച്ചി (30) എന്നിവയാണ് പട്ടികയല്‍ ഇടം പിടിച്ച കേരളത്തില്‍ നിന്നുള്ള മറ്റ് സ്കൂളുകള്‍.
എഡ്യൂക്കേഷൻ വേൾഡ് മാഗസിൻ, AZ റിസർച്ച് പാർട്ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് EWISR 2025-26 സംഘടിപ്പിച്ചത്. ഇന്ത്യയിലെ 518 നഗരങ്ങളിൽ നിന്നുമുള്ള 4,500 സ്‌കൂളുകളെയാണ് വിദ്യാഭ്യാസ മികവിന്റെ 15 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി റേറ്റ് ചെയ്യുകയും റാങ്ക് ചെയ്യുകയും ചെയ്യുന്നത്
















