തിരുവനന്തപുരം: അന്തരിച്ച മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മദിനത്തില്‍ വൈകാരിക കുറിപ്പുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് തന്നെ മരണവിവരം വിളിച്ച് പറയുന്നതെന്നും അതിന് ശേഷം ജീവിതം രണ്ട് ഭാഗങ്ങളായി മാറിയെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ബാലകൃഷ്‌ണേട്ടന് അല്പം സീരിയസാണ് എന്ന് അറിയാമെങ്കിലും അതിങ്ങനെ ഒരു വിടവാങ്ങലിന്റെ വാര്‍ത്തയായി എന്നിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയതല്ല. ബാലകൃഷ്‌ണേട്ടന്‍ കൂടെയുണ്ടായിരുന്ന കാലവും വരാനിരിക്കുന്ന കൂടെ ഇല്ലാതെയുള്ള കാലവുമായി എന്റെ ജീവിതം അവിടെവച്ച് രണ്ടായി വിഭജിക്കപ്പെട്ടു. അതിലേറെ ഈ വിവരം എന്നെ അറിയിച്ച വിജയേട്ടന്റെ അവസ്ഥ എന്തായിരിക്കും എന്നായിരുന്നു എന്റെ മനസ്സിലാകെ’, അദ്ദേഹം കുറിച്ചു.
ഇന്നും നികത്തപ്പെടാത്ത വിടവായി സഖാവ് കോടിയേരി ബാലകൃഷ്ണന്‍ എന്ന തന്റെ ബാലകൃഷ്‌ണേട്ടന്‍ നമ്മുടെ ഏവരുടെയും ഓര്‍മ്മകളില്‍ ജീവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാലം എത്ര കഴിഞ്ഞാലും കനല്‍കെടാതെ സൂക്ഷിക്കുന്ന കൈപിടിച്ചു വളര്‍ത്തിയ, കടലോളം കരുതലേകിയ എന്റെ പ്രിയ നേതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
















