എന്നും ഒരുപോലെയല്ലേ റൈസ് ഉണ്ടാക്കുന്നത്? ബിരിയാണിയിൽ നിന്നും മന്തിയിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഇന്നൊരു വെറൈറ്റി ഐസ് റൈസ് ഉണ്ടാക്കിയാലോ? രുചികരമായ ദാൽ റൈസ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബിരിയാണി അരി- 1 കപ്പ്
- സാമ്പാർ പരിപ്പ് – കാൽ കപ്പ്
- സവാള – 1 എണ്ണം അരിഞ്ഞത്
- തക്കാളി – 1 എണ്ണം അരിഞ്ഞത്
- ഇഞ്ചി, വെളുത്തുള്ളി – ചതച്ചത് ( 1 സ്പൂൺ )
- ഉരുളക്കിഴങ്ങ് – 1 എണ്ണം അരിഞ്ഞത് ( ചെറുത്)
- പച്ചമുളക് – 2 എണ്ണം
- തൈര് – 2 സ്പൂൺ ( വലുത് )
- മുളക് പൊടി – 1 സ്പൂൺ
- മഞ്ഞൾ പൊടി – അര സ്പൂൺ
- മല്ലി പൊടി – 1 സ്പൂൺ
- ഗരം മസാല – അര സ്പൂൺ
- മല്ലിയില – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
- പെരും ജീരകം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ നീര് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം എടുത്ത് വെച്ചിരിക്കുന്ന അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. ശേഷം ഒരു കുക്കറിൽ എണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ഇതിലേക്ക് പെരുംജീരകം ചേർത്ത് പൊട്ടിച്ചെടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും, സവാളയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. നന്നായി വഴണ്ട് വരുമ്പോൾ, ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റി എടുക്കുക.
ഈ കൂട്ടിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപൊടി എന്നിവ ചേർത്ത് ചൂടാക്കിയ ശേഷം ഉരുളകിഴങ്ങ് ചേർത്ത് കൊടുക്കുക. ശേഷം തൈര് ചേർക്കുക. ഇവ ചൂടായി വരുമ്പോൾ എടുത്ത് വെച്ചിരിക്കുന്ന അരിയും പരിപ്പും ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചൂടാക്കി ഒഴിക്കുക. വെള്ളം തിളച്ച വരുമ്പോൾ ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും മല്ലിയിലയും ഗരം മസാലയും ചേർത്ത് രണ്ട് വിസിൽ വേവിച്ചെടുക്കുക. കുക്കറിന്റെ വിസിൽ പോയ ശേഷം തുറന്ന് വിളമ്പാം.
















