കോട്ടയം: പൊലീസ് ക്വാർട്ടേഴ്‌സിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തിയ ഹരിത കർമ്മസേനാംഗത്തെ എ.എസ്.എ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. ഹരിത കർമ്മ സേനാംഗം കൊപ്രത്ത് തോട്ടത്തിൽ വീട്ടിൽ മായയ്ക്കാണ് കടിയേറ്റത്.
നഗരസഭ 19ാം വാർഡിൽ ഇന്നലെ വൈകിട്ട് ആറോടെ മുട്ടമ്പലം പൊലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം. ഇവിടെ താമസിക്കുന്ന എ.എസ്.ഐ അലക്‌സ് ആണ് നായയെ വിട്ട് കടിപ്പിച്ചതെന്ന് മായ പറഞ്ഞു. പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും പ്ലാസ്റ്റിക് നൽകാറില്ലെന്നും മായ പറഞ്ഞു.
ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുന്നതിനുമാണ് മായ എത്തിയത്. നായ ഉള്ളതിനാൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച ശേഷമാണ് മായ വീടിന്റെ പരിസരത്ത് പ്രവേശിക്കാറുള്ളത്. മാസ അവസാനമായതിനാൽ ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് എത്തിയതെന്നും മായ പറഞ്ഞു.
ഈ സമയം, വീട്ടുടമയായ അലക്‌സ് ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നെന്ന് മായ പറയുന്നു. കൈവശമുണ്ടായിരുന്ന ബാഗ് ഉപയോഗിച്ച് നായയുടെ കടി തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നായ ഇവരുടെ കാലിൽ കടിക്കുകയായിരുന്നു. മായയെ നായ കടിച്ചതിന് ശേഷം വീട്ടുമടയുടെ മകനെത്തി നായയെ എടുത്ത് കൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ മായയെ ആശുപത്രിയിൽ എത്തിക്കാൻനും പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും തയ്യാറായില്ല.
മായയുടെ മകനെത്തിയാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മായയ്ക്ക് മരുന്നിന്റെ അലർജിയുള്ളതിനാൽ, മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സയ്ക്കായി മാറ്റി. സംഭവത്തിൽ ഈസ്റ്റ് പൊലീസിൽ പരാതി നൽകുമെന്ന് മായ പറഞ്ഞു.
















