സൈബര്‍ ആക്രമണത്തിൽ അടിപതറിയ ആഡംബര്‍ കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടണ്‍ ഗവണ്‍മെന്റ്. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും, ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിതരണ ശൃംഖലയെ പിന്തുണയ്ക്കാന്‍ ബ്രിട്ടന്‍ 1.5 ബില്യണ്‍ പൗണ്ട് (2 ബില്യണ്‍ ഡോളര്‍) വായ്പ ഗ്യാരണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ അടച്ചുപൂട്ടല്‍ ഏകദേശം ഒരു മാസം നീണ്ടുനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കമ്പനിയെയും, അതിന്റെ വിതരണ ശൃംഖലയെയും പിന്തുണയ്ക്കുന്നതിനുള്ള ഓപ്ഷനുകള്‍ സര്‍ക്കാര്‍ തേടിയത്. ബ്രിട്ടണിനെ സംബന്ധിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് അവരുടെ പ്രസ്റ്റീജിന്റെ ഭാഗം കൂടിയാണ്.
നിലവില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ഭാഗമാണ്. കമ്പനിക്ക് മൂന്ന് ഫാക്ടറികളാണുള്ളത്. സംയുക്തമായി 1,000 കാറുകളാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിംഗ്ഹാമിനും, വടക്കന്‍ നഗരമായ ലിവര്‍പൂളിനും ഇടയില്‍ നിരവധി തൊഴിലുകള്‍ നിലനിര്‍ത്താൻ ജാഗ്വാര്‍ ലാന്‍ഡ് റോവർ വലിയ പങ്ക് വഹിക്കുന്നുണ്ട്.അത്കൊണ്ട് തന്നെ കമ്പനി നേരിട്ട ആക്രമണം തൊഴില്‍ വിപണിയേയും സാരമായി ബാധിച്ചിരുന്നു.
ജാഗ്വാര്‍ ലാന്‍ഡ് റോവറിനെതിരേ നടന്ന ആക്രമണം ബ്രിട്ടണിനെ സംബന്ധിച്ച് എത്ര പ്രാധാന്യം അര്‍ഹിക്കുന്നുവെന്നത് അവരുടെ പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ‘സൈബര്‍ ആക്രമണം ഒരു ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡിനെതിരെ മാത്രമല്ല, ലോകത്തെ മുന്‍നിരയിലുള്ള നമ്മുടെ ഓട്ടോമോട്ടീവ് മേഖലയ്ക്കുമെതിരായ ആക്രമണമാണെന്ന്’ ബ്രിട്ടണിന്റെ ബിസിനസ് മന്ത്രി പീറ്റര്‍ കൈല്‍ പറഞ്ഞിരുന്നു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന വായ്പ ഗ്യാരണ്ടി വിതരണ ശൃംഖലയെ പിന്തുണയ്ക്കാനും, വൈദഗ്ധ്യമുള്ള ജോലികള്‍ സംരക്ഷിക്കാനും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് ഏറെ പ്രാധാന്യമർക്കുന്നുണ്ട്. ആഗോളതലത്തില്‍ ഏറെ ഡിമാന്‍ഡുള്ള ഒരു ആഡംബര കാര്‍ ബ്രാന്‍ഡാണിത്. യുകെ സര്‍ക്കാരിന്റെ വായ്പാ ഗ്യാരണ്ടി നിരവധി മാതൃ കമ്പനിയായ ടാറ്റ മോട്ടോഴ്സിന് വളരെയധികം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ബ്രാന്‍ഡിനെ അതിവേഗം തിരികെ ട്രാക്കിലെത്തിച്ചേക്കും. ഈ പിന്തുണ വലിയ വാണിജ്യ ബാങ്ക് വായ്പ (1.5 ബില്യണ്‍ പൗണ്ട് വരെ) നേടാന്‍ ബ്രാന്‍ഡിനെ പ്രാപ്തമാക്കും. ഫണ്ടിംഗ് കമ്പനിയുടെ അടിയന്തര സാമ്പത്തിക ബാധ്യതയും, സാധ്യതയുള്ള ലിക്വിഡിറ്റി സമ്മര്‍ദ്ദവും കുറയ്ക്കും.
















