ഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം. സ്വാതന്ത്ര്യ സമര സേനാനികളെയും ജനാധിപത്യ മൂല്യങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നതിനൊപ്പമാണ് ആര്‍എസ്എസിനെ കുറിച്ചും പഠിപ്പിക്കുന്നത്. ‘രാഷ്ട്രീയനീതി’ എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കാന്‍ തീരുമാനിച്ചത്.
ആര്‍എസ്എസിനെ കുറിച്ചുള്ള പാഠം പാഠ്യപദ്ധതിയിലുണ്ടെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും അതിന്റെ ചരിത്രവും പാഠ്യപദ്ധതിയിലുണ്ടാകും. ഇത് വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ എന്തുകൊണ്ടാണ് ആര്‍എസ്എസിനെ കുറിച്ച് പഠിക്കുന്നില്ലെന്ന് അറിയില്ല’, അദ്ദേഹം പറഞ്ഞു.
1925ല്‍ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിച്ചത്, പ്രത്യയശാസ്ത്രം, സാമൂഹ്യസേവനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്ക്, കൊവിഡ് മഹാമാരിയും ബിഹാര്‍ കേദര്‍നാഥ് ഉള്‍പ്പെടെയുണ്ടായ പ്രളയങ്ങളില്‍ ആര്‍എസ്എസ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പഠിക്കാനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ആര്‍എസ്എസുമായി ബന്ധപ്പെട്ട നേതാക്കളുടെ സംഭാവനകളും പാഠ്യപദ്ധതിയിലുണ്ട്.
















