ബിജെപി സംസ്ഥാന സെല്ലുകളുടെ ചുമതലക്കാരുടെ ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെ സംബന്ധിച്ച് ഒരു കാര്യത്തിലും കൃത്യതയില്ലാത്ത നേതൃത്വമാണ് ഇപ്പോഴുള്ളതെന്ന് അംഗങ്ങള്‍ തുറന്നടിച്ചു.
മോര്‍ച്ചകളെയും സെല്ലുകളെയും ഏകോപിപ്പിച്ച് പോകുന്നതില്‍ രാജീവ് പരാജയപ്പെട്ടു, ഒരു തവണ പോലും അധ്യക്ഷന്‍ സെല്ലുകളുടെ കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിച്ചില്ല, ഇങ്ങനെ പോയാല്‍ അഞ്ചു പൈസയുടെ ഗുണമില്ലാതെ നിങ്ങള്‍ താഴേക്ക് പോവുന്ന അവസ്ഥയുണ്ടാകുമെന്നടക്കമുള്ള രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന അധ്യക്ഷനു നേരേ അംഗങ്ങള്‍ ഉയര്‍ത്തിയത്.

ബിജെപിയുടെ 20 സെല്ലുകളുടെ സംസ്ഥാന കണ്‍വീനര്‍മാരും കോ.കണ്‍വീനര്‍മാരും അടങ്ങിയ ഗ്രൂപ്പിലാണ് വിമര്‍ശനം. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ആറുമാസം പിന്നിടുമ്പോഴാണ് ട്രേഡേഴ്‌സ് സെല്‍, പരിസ്ഥിതി സെല്‍, കള്‍ച്ചറല്‍ സെല്‍ എന്നിവയുടെ ഭാരവാഹികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിമര്‍ശനം ഉയര്‍ന്നതോടെ ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കി.
















