തായ്വാൻ തങ്ങളുടേതാണെന്ന അവകാശവാദത്തിൽ നിന്ന് ചൈന അണുവിട പിറകോട്ട് പോയിട്ടില്ലെന്ന് ഷിജിൻ പിങ് വീണ്ടും വ്യക്തമാക്കാകുയാണ്. തായ്‌വാൻ സ്വാതന്ത്ര്യ” വിഘടനവാദ പ്രവർത്തനങ്ങളെയും ബാഹ്യ ഇടപെടലുകളെയും ചൈന ദൃഢമായി എതിർക്കുമെന്നും ദേശീയ പരമാധികാരവും പ്രദേശിക സമഗ്രതയും ദൃഢമായി സംരക്ഷിക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ 76-ാം വാർഷികം ആഘോഷിക്കുന്നതിനായി ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടന്ന സ്വീകരണ ചടങ്ങിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനുമായ ഷി ഇക്കാര്യം പറഞ്ഞത്.
“തായ്‌വാൻ കടലിടുക്കിലുടനീളം കൈമാറ്റങ്ങളും സഹകരണവും ആഴത്തിലാക്കാനുള്ള ശ്രമങ്ങൾ നടത്തണം, ‘തായ്‌വാൻ സ്വാതന്ത്ര്യം’ എന്ന വിഘടനവാദ പ്രവർത്തനങ്ങളെയും ബാഹ്യ ഇടപെടലുകളെയും ദൃഢമായി എതിർക്കണം, ദേശീയ പരമാധികാരവും പ്രദേശിക സമഗ്രതയും ദൃഢമായി സംരക്ഷിക്കണം,” ഷി ആവശ്യപ്പെടുന്നു. അതേസമയം തായ്വാൻ സ്വന്തമാക്കാൻ ചൈന റഷ്യയുടെ കരം പിടിക്കപകയാണെന്നും റിപ്പോർട്ടുണ്ട്. അധിനിവേശ രാഷ്ട്രീയത്തിന് ചൈന റഷ്യൻ മാതൃക സ്വീകരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നു.
ക്രിമിയയിൽ റഷ്യയുടെ ഇടപെടലിൻ്റെ പാഠങ്ങൾ അതേപടി തായ്‌വാനില്‍ പരീക്ഷിക്കാനുള്ള പുറപ്പാടിലാണ് ചൈന.സഹായഹസ്തവുമായി പുടിനുമുണ്ട്. സ്വന്തം രാജ്യത്തിൻ്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്ന തായ്‌വാനും ഫിലിപ്പീൻസിൽ അവകാശമുന്നയിച്ച ദ്വീപും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ചൈന മെനയുകയാണന്ന് ഊഹാപോഹങ്ങളുണ്ട്. ചെെനയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അടുത്തിടെ ചോര്‍ന്നിരുന്നു. ഇവയെ ഉദ്ധരിച്ചാണ് ഇത് സംബന്ധിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.യുകെ ആസ്ഥാനമായുള്ള ഒരു പ്രതിരോധ, സുരക്ഷാ ഫോറത്തിൽ നിന്നുമാണ് ഈ റിപ്പോർട്ട് ചോർന്നത്. തായ്‌വാനിൽ വ്യോമാക്രമണം നടത്താൻ ബീജിംഗിനെ സഹായിക്കുന്ന സൈനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും റഷ്യ ചൈനയ്ക്ക് വിൽക്കുന്നു എന്നാണ് ഇതിൽ പറയുന്നത്. അതിനായി ഒരു വ്യോമ ബറ്റാലിയനെ തന്നെ ചൈനക്കായി റഷ്യ സജ്ജമാക്കുമെന്നും പറയപ്പെടുന്നു.
23 ദശലക്ഷം ജനസംഖ്യയുള്ള സ്വയംഭരണ ദ്വീപായ തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും ആ പ്രദേശം പൂര്‍ണമായും തങ്ങളുടേത് ആകണമെന്നും ചൈന അവകാശവാദം ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. എന്നാൽ തായ്‌വാൻ സ്വയംഭരണാധികാരമുള്ള ഒരു ജനാധിപത്യ രാജ്യമാണെന്ന് തായ്‌വാനിലെ ജനങ്ങളും ഭരണകൂടവും ഒരേസ്വരത്തിൽ പറയുന്നു
കാലങ്ങളായി തായ്‌വാനു ചുറ്റും യുദ്ധക്കപ്പലുകൾ വളഞ്ഞ് ചൈന ഭീതി പടർത്താറുണ്ട്. അടുത്തിടെ ദക്ഷിണ ചൈന കടലിൽ കൂറ്റൻ കപ്പലുകൾ ഇറക്കി തായ്‌വാനെ ചൈന ഭയപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കൊണ്ട് ഒരു കടൽ യുദ്ധം ഉണ്ടാകാനുള്ള സാധ്യത ഏഷ്യൻ രാജ്യങ്ങൾ തള്ളി കളയുന്നുമില്ല.
2027ൽ തായ്‌വാനിൽ അധിനിവേശം നടത്തി പ്രദേശം പിടിച്ചെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിശ്ചയിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഷി നിശ്ചയിച്ച ആ സമയം അടുക്കവെ, റഷ്യ 2014ൽ ക്രിമിയ പിടിച്ചെടുത്ത രീതി ഒരു റഫറൻസ് ആക്കി നീക്കങ്ങൾ നടത്താനാണ് ചൈനയുടെ ശ്രമം എന്നാണ് വിലയിരുത്തൽ.
ബ്ലാക്ക് മൂൺ ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് ചോർത്തിയതും ബ്രിട്ടീഷ് തിങ്ക് ടാങ്ക് റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിച്ചതുമാണ് പുറത്ത് വന്നിരിക്കുന്ന രേഖകൾ എന്നാണ് വിവരം. ഇത് പ്രകാരം, ആക്രമണ വാഹനങ്ങൾ, വാര്‍ ടാങ്കുകള്‍, കവചിത പേഴ്‌സണൽ കാരിയറുകൾ എന്നിവയുൾപ്പെടെ ഒരു കൂട്ടം സൈനിക ഉപകരണങ്ങൾ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് വില്‍ക്കാന്‍ 2023ൽ തന്നെ റഷ്യ സമ്മതിച്ചിരുന്നു. ഈ ആയുധങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകളും റഷ്യ ചൈനയ്ക്ക് കൈമാറുമെന്ന് റിപ്പോർട്ട് ഉണ്ട്.
റഷ്യയും ചെെനയും തമ്മിലുള്ള ഈ ‘കരാര്‍’ പൂർണ്ണമായും നടപ്പിലായാല്‍, ചൈനയുടെ വ്യോമാക്രമണ ശേഷി ശക്തിപ്പെടും. ചൈനീസ് സൈന്യത്തേക്കാൾ റഷ്യക്ക് ആധിപത്യം ഉള്ള ചുരുക്കം ചില മേഖലകളിൽ ഒന്നാണിത്. വ്യോമമേഖല കൂടി റഷ്യയുടെ സഹായത്തോടെ മെച്ചപ്പെട്ടാൽ തങ്ങളുടെ പ്രദേശമെന്ന് അവകാശപ്പെടുന്ന തായ്‌വാനെ പിടിച്ചെടുക്കാൻ ചെെനയ്ക്ക് സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തായ്‌വാൻ മാത്രമല്ല, ഫിലിപ്പൈൻസിനെയും മറ്റു ദ്വീപ് പ്രദേശങ്ങളെയും കൂടി തങ്ങളുടെ അധീനതയിൽ ആക്കാൻ റഷ്യയുടെ ഈ ഒരു സഹായ ഹസ്തം മാത്രം മതിയാകും ചൈനയ്ക്ക്.
















