യു.എസിന്റെ തീരുവ ഭീഷണിയും സമ്മർദ്ദവുമൊന്നും ഇന്ത്യ റഷ്യ നയതന്ത്ര ബന്ധത്തിന് വിടവ് വരുത്തിയിട്ടില്ല.ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇന്ത്യയിലേക്ക് റഷ്യൻ ഇന്ധനം ഒഴുകുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ ഏറ്റവുമധികം ഇന്ധന ഇറക്കുമതി നടത്തിയത് റഷ്യയിൽ നിന്നാണ്. ആകെ ക്രൂഡ് ഇറക്കുമതിയുടെ 33.3% റഷ്യൻ ഇന്ധനമാണ്. അതേ സമയം 2025 ആഗസ്റ്റ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ റഷ്യൻ ഇന്ധന പർച്ചേസിൽ നേരിയ തോതിൽ കുറവു വന്നിട്ടുണ്ട്. എന്നാൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നടക്കം ഇന്ധന പർച്ചേസ് നടത്തി ബാലൻസ് നില നിർത്താനും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്.
ഗ്ലോബൽ റിയൽ ടൈം ഡാറ്റ അനലിറ്റിക്സ് പ്രൊവൈഡറായ കെപ്ലർ നൽകുന്ന ഡാറ്റ പ്രകാരം ഇന്ത്യ, സെപ്റ്റംബറിൽ പ്രതിദിനം 1.6 മില്യൺ ബാരൽ റഷ്യൻ ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തിയത്. 2025 ആഗസ്റ്റിലെ 1.7 മില്യൺ ബാരൽ എന്ന തോതിനേക്കാൾ കുറവാണിത്. അതേ സമയം സെപ്റ്റംബറിൽ റഷ്യയിൽ നിന്നുള്ള ആകെ ഓയിൽ ഇറക്കുമതി ആഗസ്റ്റിലേതിനേക്കാൾ 6% ഉയരത്തിലാണ്.
2025 ജൂണിൽ പ്രതിദിനം 2.1 മില്യൺ ബാരൽ എന്ന തോതിൽ റെക്കോർഡ് ഇറക്കുമതിയാണ് നടന്നത്. 2025 വർഷത്തിലെ ആദ്യ 8 മാസങ്ങളിൽ ഇറക്കുമതി നടത്തിയ ശരാശരി ക്രൂഡ് ഓയിൽ വോളിയത്തേക്കാൾ കുറവാണ്, കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന 190,000 ബാരൽ ഇറക്കുമതി.
റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് ചരക്ക് നീക്കത്തിനുള്ള ചിലവ് ഇറക്കുമതിയെ സ്വാധീനിക്കാറുണ്ടെന്നും കെപ്ലർ വിലയിരുത്തുന്നു. എന്നാൽ ഇത് ഇറക്കുമതി വോളിയത്തിൽ കുറവു വരുത്തിയിട്ടില്ല. സെപ്റ്റംബർ അവസാന വാരത്തോടെ റഷ്യൻ ക്രൂഡ് ഡിസ്കൗണ്ടിൽ നേരിയ തോതിൽ താഴ്ച്ചയുണ്ടാവുകയാണ് ചെയ്തത്.
ഈ സാഹചര്യത്തിൽ മാർജിനൽ സ്പോട് പർച്ചേസുകൾ കുറയുകയും, വൈകിയുള്ള ഷിപ്മെന്റിനുള്ള കരാറുകൾ വർധിക്കുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെയെങ്കിലും ഇന്ത്യൻ എണ്ണക്കമ്പനികളെ സംബന്ധിച്ച് നിലവിൽ താരതമ്യേന ഏറ്റവുമധികം ലാഭം (GWP മാർജിൻ) ലഭിക്കുന്നത് റഷ്യൻ ഇന്ധന ഇറക്കുമതിയിലൂടെയാണ്.
ഇറക്കുമതിച്ചെലവ് ഉയരുകയാണെങ്കിൽ സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മാസം ഇറക്കുമതി നിലവാരം ഫ്ലാറ്റ് ആയിരിക്കുമെന്നും കെപ്ലർ വിലയിരുത്തുന്നുഎന്നാൽ ഇതിനിടെ ജിയോപൊളിറ്റിക്കൾ കാരണങ്ങളാൽ ക്രൂഡ് ഇറക്കുമതി തടസ്സപ്പെടാതിരിക്കാനും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. കാലങ്ങളായി വിശ്വസ്തരായ മിഡിൽ ഈസ്റ്റ് സപ്ലൈ രാജ്യങ്ങളിൽ നിന്ന് താരതമ്യേന കൂടിയ വില നൽകിയും ഇന്ധനം ഇറക്കുമതി നടത്തി വ്യാപരാ ബന്ധം ഊഷ്മളമാക്കാൻ ഇന്ത്യ ശ്രമിക്കുന്നു.
കഴിഞ്ഞ മാസം ഇറാഖിൽ നിന്ന് മാത്രം പ്രതിദിനം 904,000 ബാരൽ ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തിയത്. 2025 ആഗസ്റ്റിൽ ഇത് 730,000 ബാരലുകളായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ, ആഗസ്റ്റ് മാസങ്ങളിൽ യു.എസിൽ നിന്നുള്ള ഇന്ധന ഇറക്കുമതി പ്രതിദിനം യഥാക്രമം 212,000, 230,000 ബാരലുകൾ എന്ന നിലയിലായിരുന്നു.
2025 സെപ്റ്റംബറിൽ സൗദി അറേബ്യയിൽ നിന്ന് പ്രതിദിനം 606,000 ബാരലുകളും, യു.എ.ഇയിൽ നിന്ന് 609,000 ബാരലുകളും ഇന്ത്യ ഇറക്കുമതി നടത്തി. ഇന്ത്യൻ എണ്ണക്കമ്പനികളുടെ ക്രൂഡ് പർച്ചേസിൽ റഷ്യയ്ക്കാണ് പ്രമുഖ സ്ഥാനം. എങ്കിലും മിഡിൽ ഈസ്റ്റ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും പർച്ചേസ് നടത്തി ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കുന്നുമുണ്ട് കമ്പനികൾ.
















