സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിന്റെ കരുത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലാളിത്യവും ഒത്തിണങ്ങിയ നേതാവായിരുന്നു. എന്നും സുദൃഢമായ തീരുമാനങ്ങൾ എടുക്കുമ്പോഴും അത് നടപ്പിലാക്കുമ്പോഴും അതിനെപറ്റി പറയുമ്പോഴും കോടിയേരിയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. 2022 ഒക്ടോബർ രണ്ടു വരെയും ആ പുഞ്ചിരി അങ്ങനെ തന്നെ നിന്നു.
എക്കാലത്തും സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായി നിന്നിരുന്ന നേതാവായിരുന്നു കോടിയേരി. ഒരുപക്ഷേ സിപിഎമ്മിന്റെ ക്രൈസിസ് മാനേജർ തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് പറയാം. കണ്ണൂർ രാഷ്ട്രീയത്തിന്റെ കരുത്ത് മനസിലുള്ളപ്പോഴും ചിരിക്കുന്ന, കുശലം പറയുന്ന ഒരു ജനകീയനായ നേതാവ് തന്നെയായിരുന്നു അദ്ദേഹം.
പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേൽക്കാതെ നയിച്ച നേതാവാണ് കോടിയേരി. എൽഡിഎഫിന് തുടർഭരണം ലഭിച്ചതിനു പിന്നിൽ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവർഷം അദ്ദേഹം പാർട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
1953-ൽ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും ഇളയ മകനായിട്ടാണ് കോടിയേരിയുടെ ജനനം. ആറാം വയസ്സിൽ അച്ഛന്റെ മരണത്തിന് ശേഷം അമ്മയുടെ തണലിൽ നാലു സഹോദരിമാർക്കൊപ്പമായിരുന്നു ജീവിതം. സമീപത്തെ കോടിയേരി ഓണിയൻ സ്‌കൂളിൽ അന്നത്തെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ നേതാവായി. പിന്നീട് മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ പ്രഥമ യൂണിയൻ ചെയർമാൻ. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായി അപ്പോഴേക്കും ബാലകൃഷ്ണൻ മാറിയിരുന്നു.
പതിനാറാംവയസ്സിൽ പാർട്ടി അംഗത്വം, പതിനെട്ടാം വയസ്സിൽ ലോക്കൽ സെക്രട്ടറി. ഇതിനിടയിൽ എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃതലങ്ങളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരൻ. ജയിലിൽ പിണറായി വിജയനും എം.പി. വീരേന്ദ്രകുമാറും ഉൾപ്പെടെ ഒട്ടേറെപ്പേർ. പോലീസ് മർദനത്തിൽ അവശനായ പിണറായിയെ സഹായിക്കാൻ നിയുക്തനായത് കൂട്ടത്തിൽ ഇളയവനായ ബാലകൃഷ്ണനായിരുന്നു.
അന്ന് തലശ്ശേരി മേഖലയിലെ യുവനേതാക്കളായിരുന്ന ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ജയിൽജീവിതം കൂടുതൽ കരുത്തുപകർന്നുവെന്ന് പറയപ്പെടുന്നു. സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ടി. ഗോവിന്ദനായിരുന്നു ആ സ്ഥാനത്തെത്തിയത്. അധികം വൈകാതെ സെക്രട്ടറിയുടെ ചുമതല കോടിയേരിയെ തേടിയെത്തി.
1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ തലശ്ശേരിയെ നിയമസഭയിൽ പ്രതിനിധാനം ചെയ്തു. 2001-ൽ പ്രതിപക്ഷ ഉപനേതാവായി. 2006-ൽ വി.എസ്. മന്ത്രിസഭയിൽ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി. 2008-ൽ 54-ാം വയസ്സിൽ പൊളിറ്റ് ബ്യൂറോയിലേക്കും 2015-ൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
വിഭാഗീയതയുടെ കനലുകൾ അപ്പോഴേക്കും അണഞ്ഞുതുടങ്ങിയിരുന്നു. പിണറായി പ്രവർത്തനം പാർലമെന്ററി രംഗത്തേക്കു മാറ്റിയപ്പോൾ പാർട്ടിയെ കോടിയേരി നയിച്ചു. 2018-ൽ വീണ്ടും സെക്രട്ടറി പദത്തിൽ. 2019-ൽ ചില ആരോഗ്യപ്രശ്നങ്ങൾ കോടിയേരിയെ അലട്ടിത്തുടങ്ങി. ഇതിനിടയിൽത്തന്നെയായിരുന്നു മക്കളുടെ പേരിലുള്ള വിവാദങ്ങളും. മകന്റെ അറസ്റ്റിലേക്കുവരെ വിവാദം വളർന്നു.
2020 നവംബർ 13-ന് സെക്രട്ടറിപദത്തിൽനിന്ന് സ്വമേധയാ അവധിയെടുത്തു. അങ്ങനെ ഇടക്കാലത്ത് എ.വിജയരാഘവനെ ആക്ടിങ് സെക്രട്ടറിയായി ചുമതലയേൽപിച്ചു. പക്ഷേ, ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളുടെ ചുമതല കോടിയേരിക്കു തന്നെയായിരുന്നു. എതിരാളികൾക്കുപോലും സ്വീകാര്യമായ നയതന്ത്രം തന്നെയായിരുന്നു പാർട്ടിയിലും കേരള രാഷ്ട്രീയത്തിലും കോടിയേരിക്ക് വലിയ സ്വീകാര്യത നൽകിയത്.
ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമായ കോടിയേരി സെക്രട്ടറി പദത്തിലേക്ക് തന്നെ തിരിച്ചെത്തി. എന്നാൽ ഇപ്പോൾ ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാർട്ടിയെ അറിയിക്കുകയും പാർട്ടി അത് അംഗീകരിച്ച് പകരക്കാരനായി ഗോവിന്ദൻ എന്ന കണ്ണൂർക്കാരനെ തന്നെ കണ്ടെത്തുകയുമായിരുന്നു.
content highlight: Kodiyeri Balakrishnan
















