വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കിൽ കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ നിലനിൽപ്പ് തന്നെ അവതാളത്തിസായേക്കും. അയൽ സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ് ആണെങ്കിലും അവിടുത്തെ ആഭ്യന്തര കലഹം തുടർ ഭരണത്തിന് വെല്ല് വിളി തന്നെയാണ്. അത്കൊണ്ട് തന്നെ നിയമസഭതിരഞ്ഞെടുപ്പ് എന്ന വലിയ ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. എന്നാൽ തുടര്‍ച്ചയായ ആഭ്യന്തരപ്രശ്‌നങ്ങളും വിവാദങ്ങളും പാർട്ടിയെ വരിഞ്ഞുമുറുക്കുന്നു. യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം മുതല്‍ സാമ്പത്തിക ബാധ്യതകളും ആത്മഹത്യകളും വരെ പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
ഓരോ പ്രശ്‌നങ്ങളില്‍ നിന്നും പതിയെ പുറത്ത് കടക്കുമ്പോള്‍ വീണ്ടും മറ്റൊരു കുരുക്ക് കോണ്‍ഗ്രസിനെ തേടി എത്തുന്നത് പതിവായിരിക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ തിരഞ്ഞെടുപ്പ് അടുക്കുംമ്പോഴും പാർട്ടിക്കുള്ളിലെ പ്രശന്ങ്ങൾ തീർക്കാനെ കോൺഗ്രസിന് സമയമുള്ളു. കെപിസിസി മുന്‍ ഡിജിറ്റല്‍ മീഡിയാ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പിവി ജെയിനെ എറണാകുളത്തെ ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതോടെ വീണ്ടും കോണ്‍ഗ്രസ് വിവാദചുഴിയിലകപ്പെട്ടിരിക്കുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ജെയിന്‍ കെപിസിസി പ്രസിഡന്റിന്് പരാതി നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിനരികില്‍ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു.
യുവനിരയിലെ ശ്രദ്ധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങള്‍ കോണ്‍ഗ്രസിനുള്ളിൽ ചേരി തിരിവ് ഉണ്ടാക്കിയിരുന്നു. രാഹുൽ വിഷയത്തിലുള്ള അസ്വാരസ്യങ്ങൾ തീർക്കുന്നതിനിടയിലാണ് മറ്റൊരു വിവാദം എന്നത് പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. മാത്രമല്ല വയനാട്ടിലെ ഡിസിസ ട്രഷററുടെ ആത്മഹത്യയും പാർട്ടിക്ക് നേരെ വിരൽചൂണ്ടുന്നു.
2024 ഡിസംബര്‍ 27 നായിരുന്നു വയനാട് മുന്‍ ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയനും ഇളയ മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. എന്നാല്‍ കടം വീട്ടാമെന്ന കെപിസിസി യുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച കുടുംബം, വീണ്ടും രംഗത്ത് വന്നതോടെ കോണ്‍ഗ്രസ് വലിയ സമ്മര്‍ദത്തിലേക്കാണ് നീങ്ങിയത്. കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും കടം വീട്ടാന്‍ മാര്‍ഗമില്ലെന്നും പറഞ്ഞ് എന്‍എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യാശ്രമവും നടത്തിയത് പാര്‍ട്ടിയെ എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് എടുത്തിട്ട അവസ്ഥയാണ് ഉണ്ടാക്കിയത്.
സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വാങ്ങിയ കോഴപ്പണം തിരികെ നല്‍കുന്നതിന്റെ ഭാഗമായി ഉണ്ടായ ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമായി എന്‍എം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് 25 ലക്ഷം രൂപ പണമായി നല്‍കുമെന്നും ബാങ്കിലെ ബാധ്യത തീര്‍ക്കുമെന്നും പാര്‍ട്ടി അറിയിച്ചിരുന്നെങ്കിലും 20 ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കൂടാതെ ബാങ്കിലെ ബാധ്യത തീര്‍ത്ത് വീടിന്റെ ആധാരം എടുത്ത് നല്‍കിയില്ലെന്നുമായിരുന്നു പത്മജ വെളിപ്പെടുത്തിയത്.
ഇതോടെ കോണ്‍ഗ്രസ് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് അടിയന്തിരമായി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് നിര്‍ദേശം നല്‍കുകയും ബത്തേരി അര്‍ബന്‍ ബാങ്കിലെ 60 ലക്ഷം രൂപയുടെ കുടിശ്ശിക കെപിസിസി അടച്ചുതീര്‍ത്ത് തടിയൂരുകയുമായിരുന്നു. കോണ്‍ഗ്രസിനുള്ളിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് വയനാട്ടില്‍ 10 വര്‍ഷത്തിനിടെ അഞ്ച് നേതാക്കളാണ് ജീവനൊടുക്കിയത്. ഇതും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
എന്‍എം വിജയന്റെ ആത്മഹത്യ തന്നെ വലിയൊരു തലവേദനയായി കോണ്‍ഗ്രസിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് മെമ്പറുമായ ജോസ് നെല്ലേടവും ജീവനൊടുക്കിയത്. വയനാട്ടിലെ മരണങ്ങളിലേക്ക് കേന്ദ്ര സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയെത്തിയതോടെ വയനാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെ നിര്‍ബന്ധിത രാജിയും എഴുതിവാങ്ങി.
എന്‍എം വിജയന്റെ കുടുംബത്തിന്റെ കടം എഴുതി തള്ളിയതും, ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയും പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയ വേളയിലായിരുന്നുഎന്നതും ശ്രദ്ധേയം. 10 ദിവസം മണ്ഡലത്തില്‍ ഉണ്ടായിട്ടും എന്‍എം വിജയന്റെയോ നെല്ലേടത്തിന്റെയോ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിക്കാഞ്ഞത് പാർട്ടിയുടെ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന അവസ്ഥയാണുണ്ടാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒന്നൊഴിയാതെ വിവാദങ്ങള്‍ പിന്തുടരുമ്പോള്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ രാഷ്ട്രീയ ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.. നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങളും ഗ്രൂപ്പ് തര്‍ക്കങ്ങളും ഒരുവശത്ത് നിലനില്‍ക്കെ, മറുവശത്ത് ആത്മഹത്യകളും വിവാദങ്ങളും കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്. കുരുക്കുകൾ അഴിച്ച് മുന്നോട്ട് പോകാൻ പാർട്ടിക്ക് കഴിഞ്ഞില്ലെങ്കിൽ മൂന്നാം വട്ടവും കോൺഗ്രസ് പരാജയത്തിന്റെ രുചി അറിയും.
















