സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ റഷ്യ ഒരുങ്ങുകയാണ്. യുക്രെയ്ൻ യുദ്ധ അവസാനിപ്പിക്കാൻ ട്രംപ് സമ്മർദ്ധം ചെലുത്തുന്നതിനിടെയാണ് റഷ്യയുടെ ഈ നീക്കം.പുതിയതായി 1.35 ലക്ഷം പുരുഷന്മാരെ സൈന്യത്തില്‍ ചേര്‍ക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടു. 2025 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് പുതിയ സൈനികരെ ചേര്‍ക്കുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള 1,35,000 റഷ്യൻ പൗരന്മാരെ സൈന്യത്തില്‍ നിര്‍ബന്ധിതമായി ചേര്‍ക്കണമെന്ന് ഉത്തരവ് അനുശാസിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ TASS റിപ്പോര്‍ട്ട് ചെയ്തു.
എന്നാൽ നിലവില്‍ യുക്രൈനെ നേരിടാന്‍ വിന്യസിച്ചിരിക്കുന്ന സേനകളിലേക്ക് ഈ സൈനികരെ വിന്യസിക്കില്ലെന്ന് റഷ്യൻ ജനറല്‍ സ്റ്റാഫ് മൊബിലൈസേഷൻ വകുപ്പ് മേധാവി വ്‌ളാഡിമിർ സിംലിയാൻസ്‌കിവ്യക്തമാക്കുന്നു. ജീവനക്കാരുടെ നിർബന്ധിത സൈനിക സേവനം ക്രമീകരിക്കാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റഷ്യ വർഷത്തിൽ രണ്ടുതവണ (വസന്തകാലത്തും ശരത്കാലത്തും) നിർബന്ധിത സൈനിക സേവന പ്രവർത്തനങ്ങൾ നടത്താറുണ്ട്. യുക്രൈനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ സൈനികരുടെ എണ്ണം ഇടയ്ക്കിടെ വര്‍ധിപ്പിക്കുകയാണ് രാജ്യം.അടുത്ത വര്‍ഷത്തോടെ റഷ്യന്‍ സൈനികരുടെ എണ്ണം 1.5 മില്യണായി വര്‍ധിപ്പിക്കുകയെന്നതാണ് പുടിന്‍ ലക്ഷ്യമിടുന്നത്. യുക്രൈനുമായുള്ള സംഘര്‍ഷത്തില്‍ നിരവധി റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
















