ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശനമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ സമ്മർദം തുടരുന്നതിനിടെയാണ് പുടിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച യുഎൻ പൊതുസഭക്കിടെ പുടിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പുടിന്റെ സന്ദർശനത്തിൽ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം ഉൾപ്പെടെയുള്ളവയിൽ ഉഭയകക്ഷി ചർച്ച നടക്കും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുവഴി ഇന്ത്യ സാമ്പത്തികമായി സഹായിക്കുകയാണെന്നും ഇങ്ങനെ ലഭിക്കുന്ന പണം റഷ്യ യുദ്ധത്തിന് ഉപയോഗിക്കുകയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു. ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇരട്ടി തീരുവയടക്കം ചുമത്തുന്ന തരത്തിലുള്ള കടുത്ത നിലപാടാണ് സ്വീകരിച്ചത്.
















