കരൂർ വിഷയത്തിൽ രാഷ്ട്രീയം പുകയുകയാണ്. ഇന്നലെ രാഹുൽഗാന്ധി വിജയിയേയും സ്റ്റാലിനേയും വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയോട് സംസാരിച്ച വിജയ് കേന്ദ്രമന്ത്രി അമിത്ഷായുടെ ഫോൺകോൾ അവഗണിച്ചത് ചർച്ചയാകുകയാണ്. വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകി. കരൂർ ദുരന്തത്തിന് പിന്നാലെയാണ് അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെട്ടു.
വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിക്കുകയായിരുന്നു.
നേരത്തേയും അമിത്ഷായ്ക്കെതിരെ വിജയ് രംഗത്തെത്തിയിരുന്നു.ഡോ.ബി.ആർ അംബേദ്കറുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശമായിരുന്നു താരത്തെ ചൊടിപ്പിച്ചത്.അംബേദ്കർ ഞങ്ങളുടെ ഐക്കൺ ആണെന്നും അദ്ദേഹത്തോടുള്ള അനാദരവ് അംഗീകരിക്കാനാവില്ലെന്നും വിജയ് പറഞ്ഞു. അമിത് ഷായെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് വരെ അന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു.അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് പറയുന്നതെങ്കിൽ അവർക്ക് സ്വർഗ്ഗം കിട്ടുമായിരുന്നെന്ന അമിത്ഷായുടെ പ്രസ്താവനയാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്. ഏതാായലും കേന്ദ്രമന്ത്രിയോട് സംസാരിക്കാത്ത താരത്തിന്റെ നിലപാട് രാഷ്ട്രീയ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
















