ന്യൂഡല്‍ഹി: പാക് സര്‍ക്കാരിനെതിരെ പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും സംഘര്‍ഷഭരിതം. പാക് സൈനിക നടപടിയില്‍ 8 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ജെഎഎസി യുടെ (ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി)നേതൃത്വത്തിലാണ് പാക് അധീന കശ്മീരില്‍ പ്രതിഷേധം നടക്കുന്നത്.
ബുധനാഴ്ച എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലുപേര്‍ ബാഘ് ജില്ലയിലെ ധിര്‍കോട്ടില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ മുസാഫറാബാദില്‍ നിന്നും മറ്റു രണ്ടുപേര്‍ മിര്‍പുര്‍ സ്വദേശികളുമാണ്. ചൊവ്വാഴ്ച മുസാഫറാബാദില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ക്കറ്റുകളും കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്. മുസാഫറാബാദില്‍ പ്രതിഷേധക്കാരെ തടയാന്‍ പാലത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന കണ്ടെയ്‌നറുകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുന്നതിന്റെയും നിരവധിപേര്‍ ചേര്‍ന്ന് കണ്ടെയ്‌നറുകള്‍ നദിയിലേക്ക് തള്ളിവീഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
മുസാഫറാബാദില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത് പാക് റേഞ്ചര്‍മാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണെന്ന് ജെഎഎസി ആരോപിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മിര്‍പുരിലെയും ധിര്‍കോട്ടിലെയും സിവിലിയന്മാര്‍ കൊല്ലപ്പെടാന്‍ കാരണം പട്ടാളം ഉള്‍പ്പെടെയുള്ള പാക് സുരക്ഷാസേന ഷെല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണെന്നും ജെഎഎസി ആരോപിച്ചു.
പ്രതിഷേധക്കാര്‍ മുസാഫറാബാദിലേക്ക് നയിക്കുന്ന ലോങ് മാര്‍ച്ച്, അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്താനില്‍ ജീവിക്കുന്ന കശ്മീരി അഭയാര്‍ഥികള്‍ക്ക് പാക് അധീന കശ്മീരിന്റെ നിയമസഭയില്‍ സംവരണം ചെയ്തിരിക്കുന്ന 12 സീറ്റുകള്‍ ഇല്ലാതാക്കണം എന്നത് ഉള്‍പ്പെടെ 38 ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.തങ്ങളുടെ ജനതയ്ക്ക് കഴിഞ്ഞ 70 കൊല്ലത്തിലേറെയായി നിരാകരിക്കപ്പെട്ടിരിക്കുന്ന മൗലികാവകാശങ്ങള്‍ക്കുവേണ്ടിയാണ് ഈ പോരാട്ടമെന്നും ഒന്നുകില്‍ അവകാശങ്ങള്‍ നല്‍കണമെന്നും അല്ലെങ്കില്‍ ജനങ്ങളുടെ ക്രോധത്തെ നേരിടണമെന്നും ജെഎഎസി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു.
















