തിരുവനന്തപുരം: എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എൻ വാസവനും ഗവർണറും. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇരുവരും വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ല. വെള്ളാപ്പള്ളി നടേശനെ പോലുള്ള ആൾക്കാർക്ക് മാത്രമേ ഇത് സാധിക്കൂ എന്നും ഗവർണർ പറഞ്ഞു.
പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വർഷം തുടർന്ന നേതാവാണ് വെള്ളാപ്പള്ളി. കുത്തഴിഞ്ഞു കിടന്ന ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവർക്കും വായിക്കാൻ കഴിയുന്ന ഒരു പുസ്തകമാക്കി മാറ്റി. പ്രവർത്തനവും മനസ്സും യൗവ്വന തുടിപ്പോടുകൂടി ഇന്നും മുന്നോട്ടുപോകുന്നു. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
നല്ല ആളുകൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുന്നു. അതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കണ്ടത്. സംഘടനയെ ദീർഘകാലം നയിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്ക് ലഭിക്കട്ടെയെന്ന് പ്രസഗത്തിൽ ഗവർണർ പറഞ്ഞു. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ല. വെള്ളാപ്പള്ളി നടേശനെ പോലുള്ള ആൾക്കാർക്ക് മാത്രമേ ഇത് സാധിക്കൂ. ഒരു വലിയ സമൂഹത്തെയാണ് അദ്ദേഹം നയിക്കുന്നത്. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുക എളുപ്പമല്ല. വെള്ളാപ്പള്ളിയിൽ മികച്ച നേതൃപാടവം കാണാൻ കഴിയും. വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതൃത്വം കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് വെള്ളാപ്പള്ളിയെ പോലെ നേതൃപാടവം ഉള്ളവരെ ആവശ്യമാണെന്നും ഗവർണർ പറഞ്ഞു.
അതേസമയം, തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ ചീത്ത വാക്കുകൾ പറഞ്ഞ സ്ഥലമാണ് വർക്കല. അവിടെ നിന്ന് നല്ല വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശൻ മറുപടി പറഞ്ഞു. കുറ്റം പറയാനായി മാത്രം ചിലർ നടക്കുന്നുണ്ട്. അത്തരത്തിൽ മാറി നിന്ന് കുറ്റം പറയുന്നത് സംഘടനയ്ക്ക് നല്ലതല്ല. തന്നെ കള്ള് കച്ചവടക്കാരനെന്ന് പറഞ്ഞത് വരെ സഹിച്ചുവെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു. എസ്എൻഡിപി യോഗത്തിലേക്ക് എത്തിയത് ട്രാക്ക് തെറ്റിയാണ്. വി എസ് അച്യുതാനന്ദനുൾപ്പടെയുള്ള നേതാക്കൾ തന്ന പ്രേരണയാണ് പ്രസ്ഥാനത്തെ ചേർത്തു പിടിക്കാൻ കാരണം. ഞാൻ ജാതി പറയുന്നവർ എന്ന് പറഞ്ഞ് മറ്റെല്ലാവരും ആക്ഷേപിക്കാറുണ്ട്. ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം താൻ ജാതി പറയും. എനിക്ക് രാഷ്ട്രീയ മോഹമില്ല. അധികാരത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
















