യുഎസില്‍ ഷട്ട്ഡൗണ്‍ നിലവില്‍ വന്നു. യുഎസ് പ്രാദേശിക സമയം അര്‍ദ്ധരാത്രി 12.00 മണിക്കാണ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാകാതിരുന്നതോടെയാണ് യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ ഷട്ട്ഡൗണിലായത്. ഇതോടെ അവശ്യസേവനങ്ങളൊഴികെ ഫെഡറല്‍ സര്‍ക്കാരിന്റെ പല സേവനങ്ങളും തടസപ്പെടും. ഷട്ട്ഡൗണിലായതോടെ ഏകദേശം 40 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കും. വിമാനയാത്ര മുതല്‍ മൃഗശാലകളുടെ പ്രവര്‍ത്തനത്തെ വരെ ഷട്ട്ഡൗണ്‍ ബാധിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് .
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നില്ല. ഇതിന് ശേഷം ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം സെനറ്റില്‍ ഒരു താത്ക്കാലിക ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ ഇതും പിരിഞ്ഞു. ഇതോടെ ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കുമെന്ന സൂചന നല്കി ട്രംപ് രംഗത്തെത്തി. ചര്‍ച്ചകളില്‍ ഡെമോക്രാറ്റുകള്‍ സാഹസികത കാണിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്താണ് ഷട്ട്ഡൗണ്‍?
സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം പതിനഞ്ചാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും.
നിലവില്‍ ആരോഗ്യ മേഖലയില്‍ നല്കി വരുന്ന ധനസഹാം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇതില്‍ ഒബാമ കെയറിന് നല്കുന്ന സബ്സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ചൊടിപ്പിക്കുന്നത്. ഇത് ഈ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സബ്സിഡി നിലനിര്‍ത്തണമെന്നാണ് ഡെമോക്രാറ്റ്സിന്റെ വാദം. ഈ നിലയില്‍ അല്ലെങ്കില്‍ സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഷട്ട്ഡൗണ്‍ നടപ്പിലാക്കുന്നത് താത്ക്കാലിക ജോലിയുമായി മുന്നോട്ടുപോകുന്നവരെ സാരമായി ബാധിക്കും. ഇവര്‍ക്ക് ശമ്പളം ഷട്ട്ഡൗണ്‍ കഴിഞ്ഞാല്‍ മാത്രമേ ലഭ്യമാവൂ. എയര്‍ ട്രാഫിക് കണ്ട്രോളര്മാര്, അതിര്‍ത്തി സംരക്ഷണ ഉദ്യോഗസ്ഥര്‍, സായുധസേനാംഗങ്ങള്‍, എഫ്ബിഐ, ടിഎസ്എ ഏജന്റുമാര്‍ തുടങ്ങി പലര്‍ക്കും ജോലി തുടര്‍ന്നാലും ശമ്പളം തടസ്സപ്പെടും. പാസ്പോര്‍ട്ട്, വിസ, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡുകള്‍ പോലുള്ള സേവനങ്ങളില്‍ വലിയ കാലതാമസം ഉണ്ടാകും. ചെറുകിട ബിസിനസ് വായ്പകള്‍, ഭക്ഷ്യ സഹായ പദ്ധതികള്‍, ഗവേഷണ പദ്ധതികള്‍ മുതലായവ തടസ്സപ്പെടാനും സാധ്യതയേറെയാണ്.
















