കോഴിക്കോട്: പയ്യാനക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സിനാന്‍ അലി യൂസസ് മോഷ്ടിച്ച കാറിലെത്തി പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്നും കാറില്‍ മുഖംമൂടി കരുതിയിരുന്നതായും പന്നിയങ്കര സിഐ പറഞ്ഞു.
ലൈംഗികചൂഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതിയുടെ ശ്രമം. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. കര്‍ണാടകയിലെ പോലീസുകാരെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച കേസിലും സിനാന്‍ അലി യൂസഫ് പ്രതിയാണെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് പയ്യാനക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. ഫുട്‌ബോള്‍ കളിച്ച് മടങ്ങുകയായിരുന്ന പത്തുവയസ്സുകാരനോട് കാറിലെത്തിയ പ്രതി വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു. എന്തിനാണ് കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ കുട്ടിയെ ഒരിടത്ത് കൊണ്ടുപോകാനാണെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. കൂടുതല്‍ ചോദ്യംചെയ്തതോടെ കുട്ടിക്ക് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായി.
ഇതോടെ താന്‍ കാസര്‍കോട് സ്വദേശിയാണെന്നും കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാനായാണ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കാറിന്റെ താക്കോല്‍ ഊരിയെടുത്ത് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പന്നിയങ്കര പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുനിന്ന് മോഷ്ടിച്ച ടാക്‌സി കാറിലാണ് പ്രതി വന്നതെന്ന് വ്യക്തമായത്.
















