ന്യൂഡൽഹി: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ നൂറു രൂപയുടെ നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്ത് പ്രധാനമന്ത്രി. ഡൽഹിയിലെ അംബേദ്കർ ഇന്‍റർനാഷണൽ സെന്ററിൽ നടക്കുന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ വച്ചായിരുന്നു പ്രകാശനം.
ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർഎസ്എസ് സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ എന്നിവരും പങ്കെടുത്തു. നൂറു വർഷങ്ങൾക്ക് മുമ്പ് ദസറ ദിനത്തിൽ ആർഎസ്എസ് സ്ഥാപിതമായത് വെറും യാദൃശ്ചികതയല്ലെന്നും രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആർഎസ്എസ് വളണ്ടിയർമാർ സ്വയം സമർപ്പിച്ചിരിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.
“ഭാരതമാതാവിൻ്റെ ചിത്രം ഒരു നാണയത്തിൽ ആലേഖനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്,” പ്രധാനമന്ത്രി പറഞ്ഞു. “രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ” (എല്ലാം രാഷ്ട്രത്തിനായി സമർപ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല) എന്ന ആർഎസ്എസിൻ്റെ ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് നാണയവും സ്റ്റാമ്പും പുറത്തിറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. ഒരു വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാമ്പുകളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കുന്നതാണ് പതിവ്. ഈ വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാമ്പുകളില്‍ ആര്‍എസ്എസ് ശതാബ്ദി ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി ഇടപെട്ട് നടപടികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
















