ബെംഗളൂരു: കര്‍ണാടകയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ തളളി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി പദത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നവംബറില്‍ കാലാവധി പൂര്‍ത്തിയാകുമെന്ന് ആളുകള്‍ പറയുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തുതന്നെയായാലും അനുസരിക്കണം. അടുത്ത വര്‍ഷം മൈസൂരു ദസറയ്ക്ക് എന്തുകൊണ്ട് പുഷ്പാര്‍ച്ചന നടത്തിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.
‘ഞാന്‍ രണ്ടാംതവണ മുഖ്യമന്ത്രിയാവില്ലെന്ന് ആളുകള്‍ പ്രവചിച്ചു. പക്ഷേ, ഞാനായി. എന്റെ കാറില്‍ കാക്ക ഇരുന്നത് ദുശ്ശകുനമാണെന്നും ഞാന്‍ മുഖ്യമന്ത്രിയായി തുടരില്ലെന്നും പലരും പറഞ്ഞു. ഞാന്‍ ബജറ്റ് അവതരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു, പക്ഷേ ഞാനത് ചെയ്തു. രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി. ഇനിയും രണ്ടരവര്‍ഷംകൂടി അധികാരത്തില്‍ തുടരും’ – അദ്ദേഹം പറഞ്ഞു.
ഡി.കെ. ശിവകുമാറിന്റെ നേതൃത്വ സാധ്യതകളെ പരസ്യമായി പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ ഡോ. രംഗനാഥ് രംഗത്തെത്തിയതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാവണമെന്ന ആവശ്യം നിരവധി എംഎല്‍എമാര്‍ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ കുറെയധികം വോട്ടര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളുമെല്ലാം ഭാവിയില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്.
















