ഗസ്സ: ഗസ്സയിലെ ഫലസ്തീനികളോട് പലായനം ചെയ്യാൻ അവസാന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഗസ്സയിൽ തുടരുന്ന ഫലസ്തീനികളെ ഭീകരരും ഭീകരവാദത്തെ പിന്തുണക്കുന്നവരുമായി കണക്കാക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി.
ഗസ്സ വെടിനിർത്തൽ മുൻനിർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇരുപതിന പദ്ധതി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. ഗസ്സയെ വടക്കും തെക്കും ആയി വിഭജിക്കുന്ന നെറ്റ്സാരിം ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം പൂർണമായും ഏറ്റെടുത്തതായും കാറ്റ്സ് എക്‌സിലൂടെ അറിയിച്ചു. ‘ഇത് ഗസ്സ നഗരത്തിന് ചുറ്റുമുള്ള ഉപരോധം ശക്തമാക്കും. തെക്കോട്ട് പോകുന്ന ഏതൊരാളും [ഇസ്രായേൽ സൈനിക] ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നുപോകാൻ നിർബന്ധിതരാകും.’ കാറ്റ്സ് എഴുതി.
കഴിഞ്ഞ മാസം ഇസ്രായേൽ ഗസ്സ പിടിച്ചെടുക്കാനുള്ള തീവ്ര ആക്രമണം ആരംഭിച്ചതിനുശേഷം ഗസ്സ നഗരം വിട്ട് ഏകദേശം 400,000 ഫലസ്തീനികൾ പലായനം ചെയ്തിട്ടുണ്ട്. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും അവിടെ തന്നെ തുടരുന്നുണ്ട്. അതേസമയം, ഗസ്സ സിറ്റിയിലെ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ച ഒരു സ്‌കൂളിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഇസ്രായേലി ആക്രമണങ്ങൾ നടന്നു. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടുവെന്നും മൂന്ന് ഡസനിലധികം ആളുകൾക്ക് പരിക്കേറ്റതായും അൽ-അഹ്‌ലി ആശുപത്രി അറിയിച്ചു.
















