ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ഇന്ന് ചുവടുവയ്ക്കും. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. ഇതിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളും മറ്റും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം എന്നിവടങ്ങളിലുള്‍പ്പെടെ എഴുത്തിനിരുത്തൽ തുടങ്ങി.
ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കുകയാണ്.
കുരുന്നുകള്‍ അക്ഷര ലോകത്തേക്ക് പിച്ചവയ്ക്കുന്ന ദിനമാണ് വിജയദശമി. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകരാന്‍ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തില്‍ പങ്കാളികളാകുന്നു. ദുര്‍ഗാഷ്ടമി നാളില്‍ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളില്‍ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.
അതേസമയം കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. ആധുനിക കാലത്ത് മറ്റു മതസ്ഥരും ഈ ദിവസം വിദ്യാരംഭം കുറിക്കുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയ ദശമി നാളിൽ പ്രഭാതത്തിലാണ് വിദ്യാരംഭം നടത്താറുള്ളത്. വിജയദശമയിൽ രാവിലെ ഏഴിന് പൂജയെടുക്കും. തുടർന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയില്‍ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.
















