പ്രതിയെ പിടിക്കുന്നതിനിടെ തൃശൂർ ചാവക്കാട് പൊലീസുകാർക്കെതിരെ ആക്രമണം. അഞ്ചു ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ്ഐയും സിപിഒയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചാവക്കാട് സ്വദേശി നിസാറിനെ പൊലീസ് പിടികൂടി.
സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ പൊലീസ് തേടി എത്തിയത്. തുടർന്ന് പൊലീസുകാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടന്നതായി പൊലീസ് അറിയിച്ചു.
സഹോദരനെ കുത്തി പരിക്കേൽപ്പിച്ചതറിഞ്ഞാണ് പൊലീസുകാർ എത്തിയത്. ആദ്യഘട്ടത്തിൽ എത്തിയ പൊലീസുകാരായ ശരത്തിനെ കുത്തുകയും അരുണിനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം എത്തിയ പൊലീസ് സംഘത്തെയും നിസാർ ആക്രമിച്ചു.
3 പൊലീസുകാർക്ക് കൂടി അങ്ങനെയാണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് നിസാറിനെ പൊലീസ് കീഴടക്കിയത്. പരിക്കേറ്റ നിസാറിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
















