മൂവാറ്റുപുഴ വാളകത്ത് വീട്ടുവളപ്പിലെ കാറും സ്കൂട്ടറും കത്തി നശിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. മാസങ്ങളായി ആൾ താമസമില്ലാത്ത വീട്ടിലാണ് കഴിഞ്ഞ ചൊവ്വാഴ്ച തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്. അമേരിക്കയിൽ താമസിക്കുന്ന വിൽസൺ വർഗീസ് മറ്റൊരു വീട് വാടകയ്ക്കെടുത്ത് തൻ്റെ പഴയ വീട്ടിലെ സാധന സാമഗ്രികൾ ഇവിടെ സൂക്ഷിച്ചിരുന്നു. വീട്ടിലെ കാർപോർച്ചിലുണ്ടായിരുന്ന ബൈക്കിനും കാറിനും പുറമെ ജനല്‍ വഴി തീ അകത്തേക്ക് പടര്‍ന്ന് നിരവധി വസ്തുക്കൾ കത്തി നശിച്ചു. മൂവാറ്റുപുഴ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നാല്‍പ്പത് മിനിറ്റോളമെടുത്താണ് തീയണച്ചത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
















