മഹാത്മ ഗാന്ധിയുടെ ജന്മദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതം കെട്ടിപ്പടുക്കാൻ ഗാന്ധിജിയുടെ പാത പിന്തുടരുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ധൈര്യവും ലാളിത്യവും എങ്ങനെ മാറ്റത്തിന്റെ ഉപകരണങ്ങളാകുമെന്ന് ബാപ്പു തെളിയിച്ചു. ബാപ്പുവിന്‍റെ അസാധാരണ ജീവിതത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മോദി വ്യക്തമാക്കി.
മാനവിക സേവനത്തിന്‍റെ ശക്തിയിലും സഹാനുഭൂതിയിലും ഗാന്ധിജി വിശ്വസിച്ചുവെന്നും ജനങ്ങളെ ശാക്തീകരിക്കാന്‍ അത് മുറുകെ പിടിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്ഘട്ടിലെത്തിയ അദ്ദേഹം രാഷ്ട്രപിതാവിന് ആദരമർപ്പിച്ചു.
ഒരായുഷ്‌കാലം മുഴുവന്‍ സത്യത്തിനും അഹിംസയ്ക്കും നിലകൊണ്ട മഹാത്മാഗാന്ധിയുടെ 156–ാം ജന്മദിനമാണിന്ന്. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഈ ദിനം ഗാന്ധിജയന്തിയായി ആചരിക്കുകയാണ്.
അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങൾക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി. ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങൾ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.
















