പാലക്കാട്: കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സിവി സതീഷ് ആയിരുന്നു അധിക്ഷേപ പരാമർശത്തിൽ പരാതി നൽകിയത് ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പാലക്കാട് നോർത്ത് പോലീസ് വ്യക്തമാക്കി. ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ കഴിയില്ലെന്നാണ് നോർത്ത് പോലീസ് അറിയിച്ചത്. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് പാലക്കാട് എഎസ്പിക്ക് നോർത്ത് സിഐ റിപ്പോർട്ട് നൽകുകയും ചെയ്തു.
സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബുവിന്റെ പരാമർശം. ഷാഫിയും രാഹുലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നുമാണ് സുരേഷ് ബാബു പരിഹസിച്ചത്.
















