മലബാറിൻ്റെ തനത് രുചി വിളിച്ചോതുന്ന ഒരു പലഹാരമാണ് നെയ്യട. പേര് സൂചിപ്പിക്കുന്നത് പോലെ നെയ്യിൻ്റെ സമൃദ്ധിയും പാലിൻ്റെ രുചിയും ചേരുമ്പോൾ നെയ്യട ഒരു പ്രത്യേക വിഭവമായി മാറുന്നു. വിശേഷാവസരങ്ങളിലും നോമ്പുതുറകളിലുമെല്ലാം മലബാർ വീടുകളിൽ നെയ്യട ഒരു സ്ഥിരം സാന്നിധ്യമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണത്. ഒറ്റക്കാഴ്ചയിൽ ഇതൾ ഒറോട്ടിയോട് ഇതിന് സാമ്യം തോന്നിയേക്കും. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
മൈദ- 1/2 കപ്പ്
പാല്-1 കപ്പ്
പഞ്ചസാര- 2 ടേബിൾസ്പൂൺ
ഉപ്പ്- 1/2 ടീസ്പൂൺ
വെള്ളം- 1/4 കപ്പ്
മുട്ട- 2
പഞ്ചസാര- 2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി- 1/4 ടീസ്പൂൺ
ഏലയ്ക്ക പൊടി- 1/4 ടീസ്പൂൺ
നെയ്യ്- ആവശ്യത്തിന്
കശുവണ്ടി, കറുത്ത എള്ള്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അര കപ്പ് മൈദയിലേയ്ക്ക് ഒരു കപ്പ് പാലൊഴിക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ ഉപ്പ്, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, ഒരു കപ്പ് പാൽ എന്നിവ ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം ഒരു ബൗളിലേയ്ക്കു മാറ്റാം. വീണ്ടും രണ്ട് മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് പഞ്ചസാരയും, ഏലയ്ക്കപ്പൊടിയും ചേർത്ത് അരയ്ക്കാം. ഈ മിശ്രിതം മറ്റൊരു ബൗളിലേയ്ക്കു മാറ്റാം. ഒരു പ്ലേറ്റ് ആവിയിൽ വച്ചു ചൂടാക്കാം. ശേഷം അതിലേയ്ക്ക് നെയ്യ് പുരട്ടാം. ആദ്യം അരച്ചെടുത്ത മാവ് ഈ പ്ലേറ്റിലേയ്ക്ക് ഒഴിച്ച് 30 സെക്കൻഡ് ആവിയിൽ വേവിക്കാം. ശേഷം അതിനു മുകളിൽ കുറച്ച് നെയ്യ് പുരട്ടി മുട്ട മിശ്രിതം ഒഴിക്കാം. ഇതും 30 സെക്കൻഡ് വേവിക്കാം. ഇത് വീണ്ടും ആവർത്തിക്കാം. ഓരോ തവണ ഒഴിക്കുന്നതിന് മുമ്പും നെയ്യ് പുരട്ടുക. അവസാന ലെയറിനു മുകളിൽ കശുവണ്ടിയും, കറുത്ത എള്ളും ചേർക്കാം. ഇനി ഇത് അടുപ്പിൽ നിന്നു മാറ്റി തണുക്കാൻ വയ്ക്കാം.
















