ശബരിമലയിലെ സ്വർണ്ണപാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ 2019 -2025 കാലയളവിൽ രണ്ടുതവണയും യുഡിഎഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
വസ്തുനിഷ്ടമായ അന്വേഷണം വേണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. രാഷ്ട്രീയകാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും. വേണ്ടിവന്നാൽ സമരത്തിലേക്ക് കടക്കും. ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ കുറെ കാലമായി കപടഭക്തന്മാരുടെ കൈയിലാണ് ദേവസ്വം ബോർഡുള്ളത്. ഈ ദുരന്തം അയ്യപ്പന് പോലും അനുഭവിക്കേണ്ടിവന്നു. നിയമം അനുസരിച്ച് സ്വർണ്ണപാളികൾ അമ്പലത്തിന്റെ പരിസരം വിട്ട് കൊണ്ടുപോകരുതെന്നാണ്. എന്നാൽ ഇത് ചെന്നൈയിലേക്ക് കൊണ്ടുപോയി, സ്പോൺസർ എന്ന് പറയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പീഠം കണ്ടുകിട്ടി.
ഇങ്ങനെയുള്ള എത്ര ഉണ്ണികൃഷ്ണന്മാരാണ് അയ്യപ്പ സംഗമം സ്പോൺസർ ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസിന് അറിയണം. എത്ര ഒളിച്ചുകളി നടത്തിയാലും ഇക്കാര്യങ്ങൾ പറഞ്ഞെ തീരു മുരളീധരൻ വ്യക്തമാക്കി.
















