പ്രത്യേകതകളേറെയാണ് കണ്ണൂർ പെരളശ്ശേരിയിലെ പാരീസ് റസ്റ്റോറൻ്റിന്. പറയാൻ കാരണം ഇവിടെ തനി നാടൻ രീതിയിലെ പാചകമാണ്. കണ്ണൂരില്‍ നിന്നും കൂത്തുപറമ്പ്, വയനാട്, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലേക്കുളള സഞ്ചാരികളെല്ലാം പാരിസിന് മുന്നിലെത്തിയാൽ വണ്ടിയൊന്ന് നിർത്തും.
രുചി വൈവിധ്യങ്ങള്‍ക്കൊപ്പം ഇവിടെ നിന്ന് ആഹാരം കഴിച്ചാല്‍ കിട്ടുന്ന സംതൃപ്‌തി ഒന്നു വേറെ തന്നെയാണെന്ന് പാരീസ് രുചിയുടെ ആരാധകർ പറയും. അതുകൊണ്ടുതന്നെ പരമ്പരാഗത കൈപുണ്യത്തോടൊപ്പം തനത് രുചിക്കൂട്ടുകള്‍ കൂടി ചേർന്നതോടെ പാരിസ് ഭക്ഷണപ്രേമികളുടെ പ്രിയ കേന്ദ്രമായി മാറി.
ഇടിയപ്പം, വെള്ളയപ്പം, ചപ്പാത്തി, പൂരി, പത്തല്‍ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങള്‍ക്ക് പുറമേ എണ്ണ പലഹാരങ്ങളും സ്വാദിഷ്‌ടമായി കഴിക്കാം. വറുത്തരച്ച നാടന്‍ ടച്ചുള്ള ചിക്കന്‍ കറിയും ബീഫ് ഫ്രൈയും ചിക്കന്‍ പാട്‌സുമാണ് ഇവിടുത്തെ മെയിൻ ഐറ്റംസ്. കടല, ചെറുപയര്‍, മസാലക്കറി, തുടങ്ങിയവക്കൊപ്പം പുട്ട് , വെള്ളയപ്പം, ഇടിയപ്പം എന്നിവ ചൂടോടെ കഴിച്ചു തുടങ്ങാം. എട്ടരമണി മുതൽ ഇവയെല്ലാം മീന്‍ കറി കൂട്ടി കഴിക്കാം. അതും തനി നാടന്‍ രീതിയില്‍ തേങ്ങയരച്ച് വെളിച്ചെണ്ണ ചേര്‍ത്തുള്ള മീൻ കറി.
പാരീസില്‍ ഉച്ച കഴിയുന്നതോടെയാണ് തിരക്ക് അനുഭവപ്പെടുന്നത്. വ്യത്യസ്‌ത അഭിരുചിക്കാരെ തൃപ്‌തിപ്പെടുത്താന്‍ ചിക്കന്‍ വിഭവങ്ങളും ബീഫുമൊക്കെ റെഡിയാകും. ഇവക്കൊപ്പം ആട്ടപ്പൊറോട്ടയും സാദാ പൊറോട്ടയും പൂരി, പത്തല്‍, എന്നിവയും ചൂടോടെ കഴിക്കാം. സ്വാദിഷ്‌ടമായ ചില്ലിച്ചിക്കനും മിതമായ വിലക്ക് പാരീസില്‍ ലഭിക്കും.
കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ഇരുന്ന് കഴിക്കാന്‍ പാകത്തില്‍ റെസ്റ്റോറൻ്റിനകം സജ്ജമാണ്. റസ്‌റ്റോറൻ്റ് ആവശ്യത്തിനായി ഉടമ സ്വന്തമായി കോഴികളെ വളര്‍ത്തുന്നുവെന്ന സവിശേഷതയും പാരീസിനുണ്ട്. അതിനാൽ ചിക്കന്‍ വിഭവങ്ങള്‍ ധൈര്യമായി കഴിക്കാം. വൃത്തിയും വെടിപ്പുമാണ് പാരീസ് റെസ്റ്റോറൻ്റിൻ്റെ മറ്റൊരു സവിശേഷത.
രാവിലെ എട്ടു മണി മുതൽ രാത്രി 9 മണിവരെ റെസ്റ്റോറൻ്റ് പ്രവര്‍ത്തി സമയം. പെരളശ്ശേരി ഹയര്‍ സെക്കൻഡറി സ്‌ക്കൂളിന് എതിര്‍വശത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. പെരളശ്ശേരി അമ്പലത്തിലെത്തുന്ന തീര്‍ഥാടകരുടെ പ്രധാന ഭക്ഷണ കേന്ദ്രമെന്ന പദവി കൂടി ഇപ്പോള്‍ പാരീസിനാണ്.
വീട്ടു രുചിയോടെ ഭക്ഷണം കഴിക്കാം എന്നതിനാലാണ് ആളുകള്‍ ഇവിടെ എത്തുന്നത്. പാരീസ് റെസ്റ്റോറൻ്റിൻ്റെ രുചി പെരുമക്ക് ആറ് നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്. 2014 ല്‍ ആണ് പെരളശ്ശേരിയില്‍ ഇന്ന് കാണുന്ന പാരീസ് റെസ്റ്റോറൻ്റ് ആരംഭിച്ചത്.
















