തിരുവനന്തപുരത്ത് വെഞ്ഞാറമൂടിൽ മസാല ദോശയ്ക്ക് പേര് കേട്ട ഒരു അടിപൊളി ഹോട്ടൽ ഉണ്ട്. ആറ്റിങ്ങൽ റോഡിൽ മുക്കുന്നൂരിലെ ശ്രീ ആര്യാസ്. വർഷങ്ങളായി വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്ന ശ്രീ ആര്യാസ് വെജിറ്റേറിയൻ ഹോട്ടലിലാണ് ദോശയ്ക്ക് വമ്പൻ ഡിമാൻഡ് ഉള്ളത്.
രാവിലെയാണ് ഇവിടെ തിരക്കേറുന്നത്. ബ്രേക്ക്ഫാസ്റ്റ് മെനുവിൽ ദോശയും വടയും സാമ്പാറും ചട്നികളുമായി, രുചികരവും ആവിപാറുന്നതും ഒരിക്കലും മടുപ്പുളവാക്കാത്തതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതാണ് ഹോട്ടലിൽ ആളു കൂടുന്നതിന് പ്രധാന കാരണം.
രാവിലെ ജോലിക്ക് പോകുന്ന ആളുകളാണ് പ്രധാനമായും ഈ കടയിലെത്തുന്നവരിൽ ഏറെയും. അവരിൽ അധികം പേരുടെയും ബ്രേക്ക് ഫാസ്റ്റ് ഇവിടെ നിന്നുമാണ്.
ഇനി കീശ കാലിയാക്കുന്ന വിലയും ഇല്ല. അപ്പോൾ എപ്പോഴെങ്കിലും വെഞ്ഞാറമൂട് വഴി യാത്ര ചെയ്യുന്നവർക്ക് ഈ കടയിലെത്തി മസാല ദോശ ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്.
2017 തമിഴ്നാട് സ്വദേശിയായ ശരവണൻ ആണ് ഈ ഹോട്ടൽ ആരംഭിക്കുന്നത്. ഹോട്ടലിലെ വിഭവങ്ങൾക്കെല്ലാം ഒരു തമിഴ് ടച്ച് ഉണ്ടെന്നാണ് ഇവിടെയെത്തുന്നവർ പറയുന്നത്. വളരെ കനം കുറഞ്ഞ മൊരിഞ്ഞ മസാല ദോശയും, ഉരുളക്കിഴങ്ങിന്റെ മാസ്മരികതയിൽ മുങ്ങിയ മസാല കൂട്ടും അതിനൊപ്പം വിളമ്പുന്ന വിവിധതരം ചമ്മന്തികളുമാണ് പ്രധാന ആകർഷണം.
















