തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തനിവാരണത്തിന് കൂടുതൽ തുക ലഭിക്കേണ്ടിയിരുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ കൊടുക്കുന്നതിന് എതിർപ്പില്ല. അർഹമായ തുക കിട്ടാതിരിക്കുന്നത് വലിയ പ്രശ്നമാണ്. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഇടപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മുണ്ടക്കൈ പുനർനിർമാണത്തിനായി കേന്ദ്രം അനുവദിച്ച 260.56 കോടി കേരളത്തോടുള്ള കടുത്ത അവഗണനയ്ക്കുള്ള ഉദാഹരണമാണെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. ദുരന്തം നടന്ന് 5 മാസം കഴിഞ്ഞ് L3 വിഭാഗത്തിൽ ഉള്ള ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കേരളത്തിന് ലഭിക്കേണ്ട സഹായങ്ങൾ ഇല്ലാതായി. 2221 കോടി ചോദിച്ചിട്ട് 260 കോടി രൂപ മാത്രം നൽകിയത് അവഗണനയാണെന്നും രാജൻ ചൂണ്ടിക്കാട്ടി.
















