പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രം ‘ടിക്കി ടാക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ മുഴുവന്‍ ചിത്രത്തിന്റെ പോസ്റ്ററാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ സംവിധായകന്‍ രോഹിത് വി എസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വരുമെന്ന് ഒരു സൂചന തന്നിരുന്നു. മലയാളത്തിന്റെ സൂയിസൈഡ് സ്‌ക്വാഡോ എന്നാണ് ഒറ്റ നോട്ടത്തില്‍ പോസ്റ്ററില്‍ നിന്ന് ആരാധകരും പ്രേക്ഷകരും പറയുന്നത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ടിക്കി ടാക്കയില്‍ ഒരു വമ്പന്‍ താരനിര തന്നെയുണ്ട്.
View this post on Instagram
ഈ ആക്ഷന്‍ പാക്ക്ഡ് ചിത്രത്തിനായി വലിയ ബോഡി ട്രാന്‍സ്ഫോര്‍മേഷനാണ് ആസിഫ് നടത്തുന്നത്. പോസ്റ്ററില്‍ ആസിഫും കൂട്ടരും തോക്കും മറ്റ് ആയുധങ്ങളുമായി ഒരു യുദ്ധഭൂമിയിലൂടെ നടന്ന് വരുന്ന ചിത്രമാണ് ഉള്ളത്. വാമിഖ ഗബ്ബി, സഞ്ജന നടരാജന്‍, ലുക്മാന്‍ അവറാന്‍, നസ്ലെന്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.
ഒരു പക്കാ മാസ് ആക്ഷന്‍ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസര്‍ നല്‍കിയത്. ബോളിവുഡില്‍ വമ്പന്‍ നിര്‍മാതാക്കളായ ടി സീരീസ്, പനോരമ സ്റ്റുഡിയോസും സിനിമയുടെ നിര്‍മാണ പങ്കാളികളാണ്. ബോളിവുഡ് ദൃശ്യത്തിന്റെ സംവിധായകനായ അഭിഷേക് പാതക്കും സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ്.
ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഉദേ നന്‍സ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
















