വായനയുടെ ആഗോള സംഗമവേദിയായ ഷാർജ രാജ്യാന്തര പുസ്തകമേള ഒരുങ്ങുന്നു. നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട പുസ്തകമേള സംഘടിപ്പിക്കുന്നത്. ‘ നിങ്ങളും പുസ്തകവും തമ്മിൽ’ എന്ന പ്രമേയത്തിലാണ് പുസ്തകമേള ഒരുക്കുന്നത്. മേളയുടെ ഔദ്യോഗിക അതിഥി രാഷ്ട്രമായി ഗ്രീസിനെ പ്രഖ്യാപിച്ചു.
ലോക സംസ്കാരത്തിന് അടിസ്ഥാന സംഭാവനകൾ നൽകിയ ഗ്രീസിന്റെ പാരമ്പര്യം ആഘോഷിക്കുന്നതിനായി പുസ്തക പ്രകാശന ചടങ്ങുകൾ, സംവേദനാത്മക ശിൽപശാലകൾ, കലാ-നാടക പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിദ്യാഭ്യാസ, വിനോദ പരിപാടികൾ ഗ്രീസ് അവതരിപ്പിക്കും. 2 ദിവസത്തെ മേളയിൽ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ, സ്രഷ്ടാക്കൾ, പ്രസാധകർ എന്നിവർ അണിനിരക്കും. പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, സംവേദനാത്മക ശില്പശാലകൾ എന്നിവ ഉൾപ്പെടെയുള്ള സമ്പന്നമായ സാംസ്കാരിക പരിപാടി മേളയിലുടനീളം നടക്കും.
പുസ്തകങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം തുടർച്ചയായതും പരസ്പരപൂരകവുമായ ഒരു യാത്രയാണെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക ദർശനത്തിന്റെ തുടർച്ചയാണ് ഈ മേളയെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേറി പറഞ്ഞു.
മേളയ്ക്ക് മുന്നോടിയായി 14-ാമത് ഷാർജ പബ്ലിഷേഴ്‌സ് കോൺഫറൻസ് നവംബർ 2 മുതൽ 4 വരെ നടക്കും. കൂടാതെ മേളയുടെ ഭാഗമായി 12-ാമത് ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസ് നവംബർ 8 മുതൽ 10 വരെ നടക്കും. മേളയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ അറിയിക്കും.
STORY HIGHLIGHT: sharjah international book fair
















