1993-ൽ പുറത്തിറങ്ങിയ, പ്രിയദർശൻ സംവിധാനം ചെയ്ത് ശ്രീനിവാസൻ തിരക്കഥയെഴുതിയ ‘മിഥുനം’ എന്ന സിനിമയിലെ നായകൻ സേതുമാധവൻ്റെ (മോഹൻലാൽ) കഥാപാത്രത്തെ വിമർശിച്ചുകൊണ്ട് എഴുത്തുകാരിയും നിരൂപകയുമായ അനു ചന്ദ്ര പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. സിനിമയിലെ നായകനിലുള്ള സ്ത്രീവിരുദ്ധതയും ഈഗോസെൻട്രിക് സ്വഭാവവുമാണ് അനു ചന്ദ്ര പ്രധാനമായും ചോദ്യം ചെയ്യുന്നത്.
പ്രശസ്ത നടി ഉർവശി മുൻപ് ഇതേ സിനിമയുടെ ക്ലൈമാക്സിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത് അനു ചന്ദ്ര ഓർത്തെടുക്കുന്നു. ക്ലൈമാക്സിൽ നായികയായ സുലോചന (ഉർവശി) സേതുമാധവൻ്റെ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ പാടില്ലായിരുന്നു എന്നായിരുന്നു ഉർവശിയുടെ അന്നത്തെ അഭിപ്രായം. സിനിമ വീണ്ടും കണ്ടപ്പോൾ ഉർവശി പറഞ്ഞതിൽ തെറ്റില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും അനു ചന്ദ്ര പറയുന്നു.
സുലോചനയ്ക്ക് ഭ്രാന്ത് പിടിക്കും, സേതുമാധവൻ ദുരന്തം
“ഒരു സ്ത്രീയുടെ മാനസികാവശ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവൊട്ടുമേ ഇല്ലാത്ത സേതുമാധവൻ്റെ കൂടെ സുലോചന ഇനിയും ജീവിക്കാൻ ഇറങ്ങിയാൽ അവൾക്ക് ഭ്രാന്ത് പിടിക്കത്തേ ഉള്ളൂ,” അനു ചന്ദ്ര കുറിക്കുന്നു.
പങ്കാളിയോട് ഒന്നും ഷെയർ ചെയ്യാതെ, നേരെചൊവ്വേ ഒന്ന് സംസാരിക്കപോലും ചെയ്യാതെ, എല്ലാ പ്രശ്നങ്ങളും ഉള്ളിൽ അടക്കി വെച്ച്, സ്നേഹിക്കാൻ പോലും സമയം കണ്ടെത്താത്ത പുരുഷൻമാർ ദുരന്തമാണെന്ന് ലേഖിക അഭിപ്രായപ്പെടുന്നു. സേതുമാധവനാകട്ടെ, ഉത്തരവാദിത്തത്തിന് അടിമപ്പെട്ട്, സ്നേഹത്തെ ഉപേക്ഷിച്ച്, പങ്കാളിയോട് ഒന്നും തുറന്നുപറയാത്ത പുരുഷനാണ്.
‘ഗ്യാസ് ലൈറ്റിങ്ങും’ മനോരോഗിയാക്കലും
ദാമ്പത്യത്തിൽ പൊട്ടിത്തെറിയുണ്ടാകുമ്പോൾ സേതുമാധവൻ സ്വീകരിക്കുന്ന നിലപാടാണ് അനു ചന്ദ്രയെ കൂടുതൽ ചൊടിപ്പിച്ചത്. അയാൾ ഇവിടെ ‘ഗ്യാസ് ലൈറ്റ്’ ചെയ്യുന്നുണ്ട്. തൻ്റെ വിഷമങ്ങൾ സുലോചനക്ക് മനസ്സിലാക്കാനുള്ള ശേഷിയില്ലെന്ന് അയാൾ ആരോപിക്കുന്നു.
പ്രേമിക്കുന്ന കാലത്ത് അയാൾ എഴുതിയ കത്തുകളെക്കുറിച്ച് പിന്നീട് സ്വയം പറയുന്നത്: “ജീവിതമെന്തെന്നറിയാത്ത കുട്ടിക്കാലത്തു താനെഴുതിയ ചവറുകൾ” എന്നാണ്.
ഇതൊക്കെ ഇത്രയും കാലം സൂക്ഷിച്ച സുലോചന ഒരു മനോരോഗിയാണെന്ന് വരെ അയാൾ പറയുന്നുണ്ട്.
സുലോചനയുടെ സ്നേഹബോധത്തെ ചെറുതാക്കുകയും, മനസ്സിനെ സെൻ്റിമെൻ്റൽ എന്ന് പറഞ്ഞ് പുച്ഛിക്കുകയും, തൻ്റെ തെറ്റുകൾ തുറന്ന് സമ്മതിക്കാൻ കഴിയാതെ അവളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന സേതുമാധവൻ മോശം നായകനാണ്.
“തൻ്റെ വിഷമവും, ഉത്തരവാദിത്തവുമെല്ലാം തൻ്റെ കണ്ണിലൂടെ മാത്രം കാണുന്ന, ഭാര്യയുടെ ഒറ്റപ്പെടലും ആശ്രയാന്വേഷണവുമൊക്കെ മനസ്സിലാക്കാത്ത, തൻ്റെ വികാരങ്ങൾ തുറന്ന് പറയാനോ ഭാര്യയുടെ വികാരങ്ങൾ കേൾക്കാനോ കഴിവില്ലാത്ത വെറും ഈഗോസെൻട്രിക് കഥാപാത്രമാണ് സേതുമാധവൻ,” ലേഖിക നിരീക്ഷിക്കുന്നു.
സേതുമാധവൻ്റെ ഈ സ്വഭാവം കണ്ടപ്പോൾ തനിക്ക് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ സിനിമയിലെ സുരാജ് വെഞ്ഞാറമൂടിൻ്റെ കഥാപാത്രത്തെയാണ് ഓർമ്മ വന്നതെന്നും, ക്ലൈമാക്സിൽ സുലോചന സേതുമാധവൻ്റെ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ പാടില്ലായിരുന്നുവെന്നും അനു ചന്ദ്ര കുറിപ്പിൽ പറയുന്നു.
















