ഗ്യാസ് സിലിണ്ടറിന്റെ ഹാന്റിലിനിടയിൽ കുടുങ്ങിയ മൂന്നുവയസുകാരിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. നീണ്ടുനോക്കി ഒറ്റപ്ലാവില വെള്ളാച്ചിറ ബിബിന്റെ മകൾ ആന്യാ തോമസിനെയാണ് പേരാവൂരിൽ നിന്ന് എത്തിയ അഗ്നിശമനസേന സംഘം രക്ഷപ്പെടുത്തിയത്. കട്ടർ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് സിലിണ്ടറിന്റെ ഹാന്റിൽ മുറിച്ച് മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്.
കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ഗ്യാസ് സിലിണ്ടറിന്റെ ഹാൻഡിൽ ഇടയിൽ അകപ്പെടുകയായിരുന്നു. കുട്ടിയുടെ അരക്ക് താഴെ പൂര്‍ണ്ണമായും ഹാന്റിലിനുള്ളിൽ താഴ്ന്നു പോയിരുന്നു. വീട്ടുകാരും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയാതെ വന്നതോടെ പേരാവൂരിലെ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സിഎം ജോൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം കെ വിനോദ്, റീനു കുയാലിൻ, ഡിജെ റോബിൻ, കെ എസ് രമേശ്, കെ എം അനീഷ് എന്നിവർ നേതൃത്വം നൽകി. ഹൈവിഷൻ ന്യൂസ് കേരളം ആണ് വാർത്ത പുറത്തിവിട്ടത്.
















